Sunday, April 3, 2011

രോഗി

പാട്ട് പാടി ഉറക്കിയ
കഥകള്‍ പറഞ്ഞു രസിപ്പിച്ച
എന്‍റെ മുത്തശ്ശി ഇന്നലെ മരിച്ചു
ഞാന്‍ മൂലമെന്നെല്ലാരും
തൊട്ടിലില്‍ ഉറങ്ങിയ കുഞ്ഞനുജന്‍
നിലം പതിച്ചു നീലനിറം പൂശിയ
ആശുപത്രിയില്‍ നുമോനിയ മൂര്ചിച്ചു
വിടവാങ്ങിയപ്പോഴും ഞാന്‍ മൂലമെന്നെല്ലാരും
രോഗിയത്രേ ഞാന്‍ .....മാറിയ നാമധേയം
കൂര്‍ത്തു മുറിവേല്‍പ്പിച്ച ദൃഷ്ടികള്‍
ഇഴ ചേര്‍ന്നൊരു നാദത്തിന്‍ നയിര്‍മല്യം
മെഴുമെന്‍ കിനാക്കളവര്‍ മന്ത്രവാദ
കളത്തില്‍ അടക്കിവച്ചു
രോഗിയത്രേ ഞാന്‍ ..........മാറിയ നാമധേയം
കാലുവെന്തു നടക്കവേ ഞാനറിവൂ
മഴകാനാത്തൊരു നാട്ടിലാണ് ഞാന്‍
ചര്ധിച്ചവശയായി അഴികളില്‍ മുഖം
ചേര്‍ക്കവേ ആഴിയുടെ അഗാധത
എന്നെ ഭയ ചകിതയാക്കി .....
ഉറക്കെ കരയട്ടെ ഞാന്‍ ....
എനിക്ക് പേര് വേണ്ട ......
എന്നെ അധൃശ്യ എന്ന് വിളിച്ചൂടെ നിങ്ങള്ക്ക്
എന്‍റെ കറുപ്പ് പൂശിയ രൂപത്തെ
അടിമ എന്നെങ്ങിലും വിളിച്ചൂടെ നിങ്ങള്ക്ക്
എങ്കിലും പറയല്ലേ രോഗിയാണ് നീ
മാറല്ലേ നാമധേയം രോഗിയെന്നൊരു നാമധേയം

Friday, April 1, 2011

പാളങ്ങള്‍

എന്‍റെ ചായ കോപ്പ തണുത്തുറഞ്ഞു പോയി
എന്നിട്ടും എനിക്ക് വല്ലാതെ ദാഹിക്കുന്നു
അനന്ധമായ ചിന്തകള്‍ ആരും കാണാത്ത
ദൃഷ്ടികല് ...കാറ്റ് ഉലചോടിച്ച വൃക്ഷത്തലപ്പുകള്‍
സന്ധ്യയോ പുലരിയോ
മഴ തന്നെ മഴ. ഞാന്‍ വായിച്ചു മടക്കിയത്
ബ്രാം സ്റ്റൊക്കെര്‍ ആണ്
ഇരുട്ടിന്‍റെ കൂടാരം
നായ്ക്കളുടെ നിലക്കാത്ത സംസാരങ്ങള്‍
സഞ്ചരിക്കുന്ന തീവണ്ടി
മുഖത്തേക്ക് വീശിയടിക്കുന്ന
ഈറന്‍ തുള്ളികള്‍
നിങ്ങള്‍ക്കൊന്നുമരിയില്ല എനിക്കും
ഞാന്‍ സോപ്നത്തിലാവാം
ചിലപ്പോള്‍ ബോതത്തിലുമാവാം
ആളുകള്‍ പറഞ്ഞത് ശരി ആയിരുന്നിരിക്കാം
പുകതുപ്പാത്ത പാളങ്ങള്‍
ചതഞ്ഞരഞ്ഞ ഉടലുകളെ നോക്കി
ഈറനനിയാത്ത പാളങ്ങള്‍
വെറും പാളങ്ങള്‍

മൃതി


നിന്‍റെ നഷ്ടം എന്‍റെ മൃതിയാണ്‌
ഞാനിവിടെ തനിച്ചാണ്
നിന്നെ കാണാനാകാതെ
നിന്‍റെ സ്വോരം കേള്‍ക്കാതെ
ജഡം പേറുന്ന എന്‍റെ മൃതി
നീ വിളിച്ചില്ല
നീ അറിഞ്ഞില്ല
ഒരു വാക്ക് പോലും നീ
ചോതിച്ചതുമില്ല ....
നിനക്കും എനിക്കും ഇടയില്‍
അഗ്നിയെ പ്രണയിക്കുന്ന
മാംസ പിണ്ഡം ......
നിന്നോട് ചേരാന്‍
നിന്നരികിലെത്താന്‍
എനിക്കിത് ഒഴുക്കി കളയണം
മായിരുന്നു ഒരു പൊടിപടലമായ്
ആവില്ല ഇന്നും
ആവില്ല നാളെയും
ഇതിന്‍റെ ചരട്
ഏതോ കരങ്ങളില്‍ ...
ഇതിന്‍റെ നിറം
ഏതോ വര്‍ണ്ണ രാജികളില്‍
ഇതിന്‍റെ മണം
ഏതോ പിച്ചക വാടികളില്‍
കാത്തിരുപ്പ് വീണ്ടും
നീണ്ട കാത്തിരുപ്പ് ......

നിന്നെ മറക്കുകയെന്നാല്‍ മൃതിയാണ്

നന്ദിത മരിക്കുന്നതിന്, രണ്ടാഴ്ചമുന്‍പ് അവള്‍ ബോംബയില്‍ അജിത്തിന്റെ അടുത്തേക്കുപോയി. അപ്പോള്‍ അജിത്തിന് ഇഷ്ടമുള്ള സിഗരറ്റും, ദിനേശ് ബീഡിയും, സീസണല്ലാത്തതിനാല്‍ ലഭ്യമല്ലാതിരുന്നിട്ടും, കൂട്ടുകാരിയും ഓര്‍ഫനേജ് കോളജിലെ മലയാളം അധ്യാപികയുമായ ശ്രീലതയെയും കൂട്ടി നാടുനീളെ അലഞ്ഞ് മുത്താരം പൊടിയും ഒക്കെ അവള്‍ കൂടെ കരുതിയിരുന്നു. ബോംബയിലെ ദിവസങ്ങള്‍ ഒരുപാട് സന്തോഷത്തോടയായിരുന്നു അവള്‍ ചിലവിട്ടതന്ന് അജിത്ത് ഓര്‍ക്കുന്നു. ബോംബയില്‍ നിന്നും തിരികെ മടങ്ങും മുന്‍പ് നഗരം ചുറ്റാനിറങ്ങിയ ഒരു വൈകുന്നേരം ദാദറിലെ മുന്തിയ ഒരു ടെക്‌സ്റ്റയില്‍ ഷോപ്പില്‍ നിന്നും അവള്‍ക്കിഷ്ടപ്പെട്ട വസ്ത്രങ്ങള്‍ അജിത്ത് വാങ്ങികൊടുത്തു. അന്ന് വാങ്ങിയ ഒരു ചുരിദാറിന് ഇണങ്ങുന്ന ഷാള്‍ പത്തുകിലോമീറ്ററുകള്‍ ദൂരയുള്ള മറ്റൊരു ഷോപ്പിങ് മാളില്‍ പോയാണ് അവര്‍ വാങ്ങിയത്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളോട് അത്ര കമ്പമില്ലായിരുന്നങ്കിലും, ദിവസവും രണ്ടുതവണയങ്കിലും ലാക്ടോ കലാമിന്‍ ഉപയോഗിക്കുമായിരുന്ന നന്ദിതക്ക് പലതരത്തിലും സുഗന്ധത്തിലുമുള്ളവ അജിത്ത് വാങ്ങി നല്‍കി. മധുവിധുപോലെ സുന്ദര സുരഭിലമായ രണ്ടാഴ്ചത്തെ ആ അവധിക്കാലത്തിനുശേഷം, ദാദര്‍ സ്റ്റേഷനില്‍ നിന്നും മുത്തം നല്‍കി നന്ദിത തിരികെപ്പോരുമ്പോള്‍, ഇനി അവളുടെ ചേതനയറ്റ ശരീരമാകും കാണേണ്ടിവരിക എന്ന് അജിത്ത് വിചാരിച്ചിരുന്നേയില്ല.

പൊതുവേ പ്രണയ രോഗികളില്‍ സാധാരണമന്ന് പറയപ്പെടുന്ന ആമവാതം അവസാനനാളുകളില്‍ നന്ദിതയെ കലശലായ് അലട്ടിയിരുന്നു. നന്ദിത മരിക്കുന്ന ദിവസം അമ്മയോട് അവള്‍ പറഞ്ഞിരുന്നു രാത്രിവൈകി എനിക്ക് ഒരുഫോണ്‍ കോള്‍ വരും അത് ഞാന്‍ തന്നെ അറ്റന്‍ഡ് ചെയ്തുകൊള്ളാമെന്ന്. അന്നു രാത്രി വൈകിവന്ന ഫോണ്‍കോള്‍ ആരുടേതായിരുന്നു?. അത് അജിത്തിന്റെതോ, സുഹ്യത്തുക്കളുടേതോ ആയിരുന്നില്ല. പിന്നെ ആ ഫോണ്‍കോള്‍ ആരുടേതായിരുന്നു? ഇന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യ. എം.ഫില്‍ ചെയ്യുന്നതിന്റെ ഭാഗമന്നുപറഞ്ഞ് നന്ദിത ഇടക്കൊക്കെ കൊടൈകനാലിലേക്ക് പോകാറുണ്ടായിരുന്നു എന്ന് അജിത്ത് പറയുന്നു. എന്തായിരുന്നു ആ യാത്രകളുടെ ഉദ്ദേശ്യം?. അതുമായ് അവസാനത്തെ ഫോണ്‍കോളിനു ബന്ധമുണ്ടോ? അന്ന് രാത്രി നന്ദിത കാത്തിരുന്നത് അജിത്തിന്റെ ഫോണ്‍കോള്‍ ആയിരുന്നില്ല. പിന്നെ അത് ആരുടേതായിരുന്നു?. എന്തുകൊണ്ടാണ് വൈകിവന്ന ആ ഫോണ്‍കോള്‍ അവള്‍ തന്നെ അറ്റന്‍ഡ് ചെയ്തുകൊള്ളാമന്ന് നിര്‍ബന്ധം പിടിച്ചതും, ഉറക്കമൊഴിഞ്ഞ് കാത്തിരുന്നതും? ആ ഫോണ്‍കോള്‍ അറ്റന്‍ഡ് ചെയ്തശേഷം നന്ദിത അപരിചിതമായ ഒരു മാനസിക സഘര്‍ഷത്തിലായിരുന്നു. കൂട്ടിലിട്ട വെരുകിനെപോലെ ബാല്‍‌കണിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തികൊണ്ടിരുന്ന അവള്‍ പോയികിടന്നുറങ്ങിക്കോളും എന്നു കരുതിയ അമ്മ പിന്നീട് എപ്പോഴോ ഇറങ്ങിവന്നപ്പോള്‍, അന്ന് ബോംബയില്‍ നിന്നും അജിത്ത് വാങ്ങിനല്‍‌കിയ ഷോളില്‍ ബാല്‍‌കണിയില്‍ നിന്നും തൂങ്ങി നില്‌ക്കുന്നു. പെട്ടന്നു തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചങ്കിലും പകുതി വഴിയില്‍ മരിച്ചു.

അജിത്തിനെ കണ്ടതിനു ശേഷം ഒരിക്കലും നന്ദിത കവിതകള്‍ എഴുതിയിരുന്നില്ല എന്നു വേണം ധരിക്കാന്‍. എന്നാല്‍ ചിരാലില്‍ ചിലവഴിച്ച അവധിക്കാലത്തിനു ശേഷം കോഴിക്കോട് ഫറൂക്കില്‍ അധ്യാപികയായ നന്ദിത, ദിവസവും അജിത്തിന് പ്രണയ ലേഖനങ്ങള്‍ എഴുതിയിരുന്നു. ഫോണും, മൊബൈലും ഒന്നും സാധാരണമല്ലാതിരുന്നതിനാല്‍ കത്തുകള്‍ മാത്രമായിരുന്നു ഏക ആശ്രയം. വടിവൊത്ത അക്ഷരത്തില്‍, പേജുകളോളം നീളമുള്ളവയായിരുന്നു ആ കത്തുകള്‍. എങ്ങനെ ഇത്രത്തോളം നീണ്ട പ്രണയ ലേഖനങ്ങള്‍ തുടര്‍ച്ചയായ് എഴുതാന്‍ കഴിയുന്നുവന്ന് അജിത്ത് അല്‍ഭുതപ്പെട്ടിരുന്നു. ആ കത്തുകളില്‍ പലതും ഇന്നും അജിത്ത് സൂക്ഷിച്ചു വച്ചിരിക്കുന്നു. നന്ദിതയുടെ മരണത്തിനു മുന്‍പ് അവള്‍ കവിത എഴുതിയിരുന്നുവന്ന് അജിത്ത് പോലും അറിഞ്ഞിരുന്നില്ല. വീട്ടിലുള്ള ദിവസങ്ങളില്‍ പലപ്പോഴും പേനയും ബുക്കുമായ് വിദൂരതയിലേക്ക് നോക്കി ഇരിക്കാറുണ്ടായിരുന്നത് അജിത്ത് ഓര്‍ക്കുന്നു. എന്നാല്‍ ഒരിക്കലും ഒന്നും എഴുതി കണ്ടില്ല. ഇത്തരം കാര്യങ്ങളിലൊന്നും താല്പര്യമില്ലാത്ത അജിത്ത് അതിലൊന്നും ശ്രദ്ധിച്ചുമില്ല. പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയ നന്ദിതയുടെ കവിതകള്‍, അവളുടെ മുഖചിത്രതോടുകൂടി പല പുസ്തകശാലകളിലെയും ചില്ലലമാരയില്‍ ഇരിക്കുന്നത് കണ്ടിട്ടും ഒരിക്കല്‍ പോലും അതൊന്ന് മറിച്ചു നോക്കാന്‍ അജിത്ത് ഇഷ്ടപ്പെട്ടില്ല എന്നതില്‍നിന്നും കവിതകളോടുള്ള അജിത്തിന്റെ ബന്ധം മനസ്സിലാക്കാം. എന്തുകൊണ്ട് ഒരു കോപ്പി വാങ്ങിയില്ല, വെറുതേ ഒന്നു മറിച്ചു നോക്കുക കൂടി ചെയ്തില്ല എന്ന ചോദ്യത്തിന് അത് കാണാനുള്ള ശക്തിയില്ല, എനിക്ക് നഷ്ടമാകേണ്ടത് എന്നേ നഷ്ടമായി എന്ന് പറഞ്ഞുകൊണ്ട് കണ്ണില്‍ ഊറികൂടിയ നനവിനെ മറച്ചുകൊണ്ട് മുഖം തിരിച്ച് വിദൂരതയിലേക്ക് കണ്ണു നട്ടു. മുട്ടില്‍ ഓര്‍ഫനേജ് കോളജില്‍ ലീവ് വേക്കന്‍സിയില്‍ പകരക്കാരിയായ് ജോലി ചെയ്തിരുന്ന നന്ദിതക്ക് ശമ്പളം ക്യത്യമായ് കിട്ടിയിരുന്നില്ല. മരിക്കുമ്പോള്‍ നല്ലൊരു തുക കോളജില്‍ നിന്നും ശമ്പളയിനത്തില്‍ നന്ദിതക്ക് കിട്ടാനുണ്ടായിരുന്നു. അത് കൈപ്പറ്റുവാന്‍ അജിത്തിന്റെ പേരില്‍ അധികാരപത്രം എഴുതി നല്‍കിയിരുന്നു നന്ദിത. എന്നാല്‍ അജിത്ത് അതിലെ ഒരു ചില്ലി കാശുപോലും കൈപ്പറ്റാതെ, ആ തുകയ്ക്ക് നന്ദിതയുടെ പേരില്‍, കോളജില്‍ എന്‍ഡോവമെന്റ് ഏര്‍പ്പെടുത്താന്‍ മുന്‍‌കൈ എടുത്തതിന്റെ കാരണം എന്നും നന്ദിതയുടെ പേര് മായാതെ ഇവിടെ ഉണ്ടാകണം എന്ന ആഗ്രഹമായിരുന്നുവത്രേ.
വിവാഹത്തിനുമുന്‍പ് നന്ദിതക്ക്, അവളുടെ കവിതകള്‍ക്ക് ചിലങ്കയണിയിച്ച ഒരു പ്രണയമുണ്ടായിരുന്നു. മതങ്ങളുടേയും, ബന്ധുക്കളുടേയും എതിപ്പുകള്‍ കാരണം ആ വിവാഹം നടക്കാതിരുന്നതിനാല്‍ നന്ദിത സ്വന്തം മാതാപിതാക്കളില്‍ നിന്നും അകന്നു. പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള അജിത് എന്ന കൂലിപണിക്കാരനെ നന്ദിത വിവാഹം കഴിച്ചത് അവരോടുള്ള പ്രതികാരമായ്‌ കാണേണ്ടിയിരിക്കുന്നു‍. "ഒരിക്കലും അഡ്ജസ്റ്റ്‌ ചെയ്യാന്‍ പറ്റില്ലെന്നറിഞ്ഞുകൊണ്ടു തന്നെയായിരുന്നു ബത്തേരിക്കാരനായ അജിത്തിനെ വിവാഹം കഴിച്ചത്. ഒരു വാശിതീര്‍ക്കലായി വേണം അതിനെ കാണാന്‍" എന്ന് നന്ദിതയുടെ കവിതകളുടെ മുഖവുരയില്‍ എഴുതിയിട്ടുള്ളതും, "അജിത്തും നന്ദിതയും തമ്മില്‍ പ്രണയമുണ്ടായിരുന്നോ എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല" എന്ന നന്ദിതയുടെ അമ്മ, പ്രഭാവതിയുടേയും വാക്കുകളും ഇതിന് അടിവരയിടുന്നു. വിവാഹത്തിന് മുമ്പ് തന്നെ, തന്നെകുറിച്ച് എല്ലാം തുറന്നു പറഞ്ഞിരുന്ന നന്ദിതയെ, അജിത്ത് ആത്മാര്‍ത്ഥമായും സ്നേഹിച്ചിരുന്നു. എന്നാല്‍ നന്ദിതക്ക് അജിത്തിനോടുണ്ടായിരുന്നത് സ്നേഹമോ അതോ പ്രണയ നഷ്ടത്തിന് കാരണക്കാരായവരോട് പ്രതികാരം ചെയ്യാന്‍ കണ്ടത്തിയ കാമുകനോ? നന്ദിതക്ക് ഇതു രണ്ടുമായിരുന്നു അജിത്ത് എന്നുവേണം കരുതാന്‍.

നന്ദിത താങ്കളെ ആത്മാര്‍ത്ഥമായും സ്നേഹിച്ചിരുന്നുവോ എന്ന ചോദ്യത്തിന്, കണ്ണില്‍ പടര്‍ന്ന നനവിനെ മറച്ചുകൊണ്ട്, "അവള്‍ക്ക് എന്നെ ജീവനായിരുന്നു, എന്നോളം അവള്‍ മറ്റാരയും സ്നേഹിച്ചിരുന്നില്ല" എന്ന മറുപടിയായിരുന്നു അജിത്തിന്. ജീവിതത്തില്‍ ഒരിക്കല്‍‌പോലും ഞങ്ങള്‍ തമ്മില്‍ വഴക്കിട്ടിരുന്നില്ല എന്നും, വിവാഹത്തിനുമുന്‍പും ശേഷവും ഒരിക്കലും അവള്‍ തന്നോട് ഒന്നും ആവശ്യപ്പെട്ടിരുന്നില്ലന്നും അജിത്ത് പറയുന്നു. അജിത്തിന്റെ പരിമിതികളേയും, ഇല്ലായ്മകളേയും അറിഞ്ഞ് എന്നും കൂടനിന്ന ഒരു ഉത്തമ ഭാര്യയായിരുന്നു നന്ദിത എന്ന് അജിത്ത് തന്നെ പറയുന്നു.

വിവാഹത്തിനു ശേഷം നന്ദിത മുട്ടില്‍, മുസ്ലിം ഓര്‍ഫനേജ്‌ കോളേജില്‍ മറ്റൊരാളുടെ ലീവ് വേക്കന്‍സിയില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. സ്വന്തം വീട്ടിലേക്ക് നടന്ന് പോകാന്‍ മാത്രം ദൂരമേയുള്ളൂ എന്നിരിക്കിലും എന്നും അജിത്തിന്റെ വീട്ടില്‍ നിന്നാണ് നന്ദിത ജോലിക്ക് പോയി വന്നിരുന്നത്. ഇതിനിടയില്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് നന്ദിത അജിത്തിനെയും കൂട്ടി ഒരിക്കല്‍ സ്വന്തം വീട്ടിലേക്ക് പോയി. ആരയക്കയോ തോല്പിച്ച ഒരു വിജയീ ഭാവം അന്ന് അവളുടെ മുഖത്ത് നിഴലിച്ചിരുന്നു. ഒടുത്തൊരുങ്ങുന്നതില്‍ അധികം താല്പര്യം ഇല്ലതിരുന്ന അവള്‍ അന്ന് നന്നായ് അണിഞ്ഞൊരുങ്ങി, എങ്ങനെയുണ്ട് എന്ന് അജിത്തിനോട് അഭിപ്രായവും ആരാഞ്ഞ്, സീമന്ത രേഖയില്‍ സുന്ദൂരവുമണിഞ്ഞ് സന്തോഷവതിയായാണ് അജിത്തിനൊപ്പം പോയത്. ബൈക്കില്‍ നന്ദിതയെ വീടോളം കൊണ്ടുവിട്ടിട്ട് അവള്‍ വരുന്നതും കാത്ത് അജിത് ഗേറ്റില്‍ കാത്തു നിന്നു. വീട്ടിലേക്ക് ക്ഷണിക്കപ്പെടാഞ്ഞതിനാല്‍ നന്ദിതയും അജിത്തിനെ നിര്‍ബന്ധിച്ചില്ല. മരുമകന്‍ ഗേറ്റില്‍ കാത്തു നില്‍ക്കുന്നു എന്നറിയുമ്പോള്‍ മാതാപിതാക്കള്‍ അജിത്തിനെ വീട്ടിലേക്ക് ക്ഷണിക്കുമന്ന് അവള്‍ വൃഥാ പ്രതീക്ഷിച്ചിട്ടുണ്ടാവാം. തന്റെ ഭര്‍ത്താവിനെ ക്ഷണിക്കപ്പെടാത്ത വീട്ടിലേക്ക് പിന്നീട് പോകാന്‍ നന്ദിതയും ഇഷ്ടപ്പെട്ടില്ല. എന്നാല്‍ എപ്പോള്‍ പോകണമന്നു തോന്നിയാലും ഞാന്‍ കാരണം പോകാതിരിക്കേണ്ട എന്നു അജിത്ത് പറഞ്ഞതനുസരിച്ച് ഇടക്കൊക്കെ നന്ദിത സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അപ്പോഴൊക്കെ ഒരിക്കല്‍ പോലും ക്ഷണിക്കപ്പെടാതിരുന്നിട്ടും, നന്ദിത വരുന്നതും കാത്ത് അജിത്ത് ബൈക്കുമായ് ഗേറ്റില്‍ തന്നെ കാത്തു നിന്നു. അതില്‍ ഒരു പാട് വേദനിച്ചിരുന്ന നന്ദിത പിന്നീട് ഒറ്റക്കാണ് വീട്ടില്‍ പോയിരുന്നത്.

അജിത്തിനോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലാത്ത നന്ദിത ഒരിക്കല്‍ പച്ച കല്ലു വച്ച ഒരു നാഗപട താലി വേണമന്ന ആഗ്രഹം പ്രകടിപ്പിച്ചു. സാമ്പത്തികമായ് ഞെരുക്കത്തിലായിരുന്ന അജിത്ത്, തനിക്ക് വിവാഹ സമ്മാനമായ് ലഭിച്ച മോതിരം അഴിച്ചു പണിത് നന്ദിതയുടെ ആഗ്രഹം സാധിച്ചുകൊടുത്തു. വിവാഹത്തിന് വാങ്ങി നല്‍കിയ പച്ച പട്ടുസാരി ഞൊറിവിട്ടുടുത്ത് , പച്ചകല്ലു വച്ച നാഗപട താലിയും അണിഞ്ഞ് സന്തോഷവതിയായ് തന്റെ മുന്നില്‍ വന്ന നന്ദിത ഇന്നും അജിത്തിന്റെ കണ്ണിലുണ്ട്. നാട്ടില്‍ സ്വന്തമായ് ഒരു ജോലി കണ്ടെത്താന്‍ കഴിയാതിരുന്ന അജിത്ത്, സാമ്പത്തിക ഞെരുക്കങ്ങള്‍ക്കൊടുവില്‍ ഗള്‍ഫില്‍ പോകാനായ് ബോംബയിലേക്ക് വണ്ടി കയറി. എന്നാല്‍ വിസ സംബന്ധമായ ചില സാങ്കേതിക കാരണങ്ങളാല്‍ അജിത്തിന് രണ്ടുമാസത്തോളം ബോംബയില്‍ തന്നെ തങ്ങേണ്ടിവന്നു. അജിത്ത് നാട്ടിലില്ലാതിരുന്ന ആ ദിവസങ്ങളില്‍ എല്ലാ വെള്ളിയാഴ്ചകളിലും കോളജില്‍ നിന്നും നന്ദിത സ്വന്തം വീട്ടിലേക്ക് പോകുമായിരുന്നു. തിങ്കളാഴ്ച വൈകിട്ട് കോളജില്‍ നിന്നും വീണ്ടും ചീരാലിലെ അജിത്തിന്റെ വീട്ടിലേക്ക്.
കേരളത്തിന്റെ ഹരിതഘട്ടം എന്നു വിശേഷിപ്പിക്കുന്ന പ്രക്യതി സുന്ദരമായ വയനാട്ടിലേക്ക് യാത്ര തിരിക്കുമ്പോള്‍, സ്നേഹത്തിനുവേണ്ടി ഉഴറുകയും അതു ലഭിക്കാതെ വന്നപ്പോള്‍ അകാലത്തില്‍ മരണത്തെ പുല്‍‌കുകയും ചെയ്ത നന്ദിത എന്ന കവയത്രിയായിരുന്നു മനസ്സുനിറയെ. വരണമാല്യം ചാര്‍ത്തി അവള്‍ വരിച്ച അജിത്തിന് എന്നും ഒരു വില്ലന്‍ പരിവേഷമായിരുന്നു വാമൊഴിയായും വരമൊഴിയായും കിട്ടിയിരുന്നത്. മേഘമുനകൊണ്ട് സ്വന്തം ഡയറിയില്‍ പ്രണയം കുറിച്ചിട്ട്, ആരോടും ഒന്നും പറയാതെ മലയാളികളുടെ മനസ്സില്‍ അവ്യക്ത സുന്ദരമായ ഒരു വളകിലുക്കം അവശേഷിപ്പിച്ച് കടന്നുപോയ നന്ദിതയുടെ മനസ്സ് കവര്‍ന്നെടുത്ത, അജിത്തിനെ കാണണം സംസാരിക്കണം എന്നതായിരുന്നു യാത്രയുടെ പ്രധാന ഉദ്ദേശം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെ ചീരാല്‍ വില്ലേജിലെ വീട്ടില്‍ എത്തുമ്പോള്‍, അജിത്ത് എങ്ങനെ ആകും പ്രതികരിക്കുക എന്ന ഒരു പേടി ഇല്ലാതിരുന്നില്ല. നന്ദിതയെകുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചും , പ്രണയത്തെപറ്റിയും ചോദിക്കുമ്പോള്‍ എനിക്കുനേരെ നോക്കി പൊട്ടിതെറിച്ചേക്കുമോ എന്ന നേരിയ ഒരു ഭയം എന്നെ ഗ്രസിച്ചിരുന്നു. അതിനാല്‍ അജിത്തുമായ് സംസാരിക്കും മുന്‍പുതന്നെ ആ വീടിന്റെ ഒരു ചിത്രം എടുക്കാന്‍ സഹചാരിയായ ക്യാമറയും തയ്യാറാക്കികൊണ്ടാണ് ആ പടികടന്നത്. റോഡില്‍ നിന്നും അല്പം ഉയരത്തിലുള്ള, ചെമ്പകവും അരളിയും മന്ദാരവും പൂവിടര്‍ത്തില്‍ക്കുന്ന തൊടിയില്‍, ആഡ്യത്വം പ്രതിഫലിക്കുന്ന ഓടിട്ട ആ പഴയ വീടിന്റെ പടികടന്ന് മുറ്റത്തെത്തി ചിത്രം എടുക്കാന്‍ തുടങ്ങുമ്പോഴേക്കും അജിത്തിന്റെ അമ്മ ഉമ്മറത്തേക്കിറങ്ങിവന്നു.

ചിത്രം എടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ഒരു നിരാശയോടെ ക്യാമറ മടക്കി, അജിത്തുണ്ടോ എന്നു ചോദിച്ചുകൊണ്ട് ഉമ്മറത്തേക്കു കയറുമ്പോഴേക്കും കാഷായനിറത്തിലുള്ള ഷര്‍ട്ടും ലുങ്കിയും ധരിച്ചുകൊണ്ട് അജിത്ത് ഇറങ്ങിവന്നു. ശാന്തത തളം കെട്ടുന്ന മുഖം. തിളക്കം നഷ്ടപ്പെട്ട കണ്ണുകള്‍. മുടിയില്‍ നര ആക്രമിച്ചു തുടങ്ങിയങ്കിലും കാഴ്‌ചയില്‍ സുമുഖന്‍. സ്വയം പരിചയപ്പെടുത്തി അജിത്തിന്റെ ആത്മസുഹ്യത്തായ സുധീറിനെകുറിച്ചു ചോദിച്ചുകൊണ്ട് മെല്ലെ നന്ദിതയിലേക്കെത്തി. പ്രതീകഷകള്‍ക്കു വിരുദ്ധമായി വളരെ ശാന്തതയോടെ അതിലേറെ വികാരധിനിവേശത്തോടെ നന്ദിതയെകുറിച്ചുപറയുമ്പോള്‍ അയാളുടെ വാക്കുകള്‍ ഗദ്ഗദത്തോടെ മുറിയുന്നതും കണ്ണുകളില്‍ നനവുപടരുന്നതും ഞാന്‍ കണ്ടു. ഇടക്കൊക്കെ വിദൂരതയിലേക്ക് കണ്ണുനട്ട് മിണ്ടാതിരിക്കും. എന്നിട്ട് നൂറുനാവില്‍ വീണ്ടും പറഞ്ഞുതുടങ്ങും.

നന്ദിത അവള്‍ എന്തിനായിരുന്നു ആത്മഹത്യചെയ്തത്? ഉത്തരമില്ലാത്ത ഒരു സമസ്യ. 1994-ല്‍, വീട്ടില്‍ ഉണ്ടായ ഒരു കലഹത്തെ തുടര്‍ന്ന്, നന്ദിത ബത്തേരിയിലെ അവളുടെ ചെറിയമ്മയുടെ വീട്ടില്‍ ഒരു വെക്കേഷന്‍ ചിലവിടാനായ് വന്നപ്പോഴാണ് അജിത്തിനെ കാണുന്നത് . അന്ന് അജിത്ത് അവിടെ വീടുപണിയുമായ് ബന്ധപ്പെട്ട് ഇലക്‌ട്രിക്കല്‍ ജോലിക്കായ് ഉണ്ടായിരുന്നു. എന്നാല്‍ ആദ്യമായ് നന്ദിത അജിത്തിനെ കാണുന്നത് തിരക്കൊഴിഞ്ഞ ഒരു വൈകുന്നേരമാണ്. സുഹ്യത്തുക്കളോടൊത്ത് കള്ളുകഴിച്ചുകൊണ്ടിരുന്ന സുമുഖനായ ചെറുപ്പുക്കാരനെ ഒറ്റനോട്ടത്തില്‍ തന്നെ നന്ദിതക്ക് ഇഷ്ടമായി എന്നുവേണം കരുതാന്‍. മനോഹരമായ ഒരു പുഞ്ചിരിയെറിഞ്ഞ് നടന്നുപോയ നന്ദിതയോട് അജിത്തിനും വല്ലാത്ത അടുപ്പം തോന്നി. പിന്നീട് എല്ലാദിവസവും, ജോലിക്കായ് ചെറിയമ്മയുടെ വീട്ടിലെത്തുന്ന അജിത്തിന് ക്യത്യസമയത്തുതന്നെ ഊണും ചായയും ഒരുക്കി നന്ദിതതന്നെ വിളമ്പി ഊട്ടി. സാമ്പത്തികമായും വിദ്യാഭ്യാസപരമായും യാതൊരുവിധ സാമ്യതയുമില്ലാതിരുന്നിട്ടും വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നന്ദിത അജിത്തുമായ് ഒരുപാട് അടുത്തു. നന്നായ് പുകവലിക്കുന്ന ശീലമുള്ള അജിത്തിന്റെ പോക്കറ്റില്‍ നിന്നും സിഗരറ്റ് പായ്ക്കറ്റ് എടുത്ത്, നോക്കിയിട്ടുതരാം എന്നുപറഞ്ഞ് ദൂരെകൊണ്ടുപോയി സിഗരറ്റ് നശിപ്പിച്ചിട്ട് കവര്‍ മാത്രമായ് തിരികെ പോക്കറ്റില്‍ വച്ചുകൊടുക്കുന്ന സ്നേഹസമ്പന്നയായ ഒരു കാമുകിയായി മാറാന്‍ അധിക ദിവസങ്ങള്‍ എടുത്തില്ല നന്ദിത. അജിത്തിനുവേണ്ടി വച്ചുവിളമ്പിയും, അവന്റെ സുഹ്യത്തുക്കളോടൊപ്പം മധുരകള്ളുകഴിച്ചും സ്നേഹിച്ചും പരിഭവിച്ചും പ്രണയത്തിന്റെ മാധുര്യം ആവോളം അനുഭവിച്ച നന്ദിത അവധിക്കാലം കഴിഞ്ഞ് തിരികെ മടങ്ങും മുന്‍പേ എല്ലാം ഉറപ്പിച്ചിരുന്നു.

എന്നും വീട്ടുകാരില്‍ നിന്നും അകന്നു നിന്നിരുന്ന നന്ദിത വെക്കേഷന്‍ കഴിഞ്ഞ് കോളജ് തുറന്നപ്പോള്‍ കോഴിക്കോടിന് തിരിച്ചുപോയി. ഫറൂക്കിലെ കോളജില്‍ താല്‍കാലിക അധ്യാപികയായിരുന്നു അന്ന് നന്ദിത. എല്ലാ വെള്ളിയാഴ്ചകളിലും അജിത്ത് മുടങ്ങാതെ ഫാറൂക്കില്‍ പോയി നന്ദിതയെ കണ്ടു. ബീച്ചിലും പാര്‍ക്കിലും സായാഹ്നങ്ങള്‍ ചിലവഴിച്ചും, സുഹ്യത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിച്ചും ശനിയും, ഞായറും പ്രണയത്തിന്റെ മധുരിമ അഘോഷിച്ച അവര്‍ പ്രണയം അധികകാലം നീട്ടികൊണ്ടുപോകാന്‍ ആഗ്രഹിക്കാതെ, മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിവാഹിതരാകാന്‍ തീരുമാനിച്ചു. അജിത്തിന്റെയോ നന്ദിതയുടേയോ വീട്ടില്‍ അറിയാതെയായിരുന്നു ആ വിവാഹം. കോഴിക്കോട്, ഫറൂക്കില്‍ ചിലവിട്ട ഒരുവര്‍ഷകാലത്തിനുള്ളില്‍ മൂന്നു വിവാഹങ്ങള്‍. ആദ്യം ഫറൂക്ക് രജിസ്റ്ററാഫീസില്‍ വച്ച് അജിത്തിന്റെ കുടുംബ സുഹ്യത്തിന്റെ സാന്നിധ്യത്തില്‍ രജിസ്റ്റര്‍ മാര്യേജ്. സ്പെഷ്യല്‍ മാര്യേജ് ആക്റ്റ്പ്രകാരം അല്ലാതെ നടന്ന വിവാഹത്തിന് നിയമസാധുതയില്ലാത്തതിനാല്‍ പിന്നീട് സുല്‍ത്താന്‍ ബത്തേരിയിലെ രജിസ്റ്റര്‍ ആഫീസില്‍ വച്ച് സ്പെഷ്യല്‍ മാര്യേജ് ആക്ട്പ്രകാരം അജിത്തിന്റെ അച്ഛന്റെയും, അമ്മയുടേയും, ബന്ധുക്കളുടേയും സാന്നിധ്യത്തില്‍ മാര്യേജ് രജിസ്ട്രേഷന്‍. അന്ന് സ്വന്തം മകള്‍ മാനസികരോഗത്തിനടിമയാണന്ന് രജിസ്ട്രാഫീസറെ ബോധിപ്പിച്ച അച്ഛന്‍ ശ്രീധര മേനോനൊടും അമ്മ പ്രഭാവതിയോടും ചെയ്ത ഒരു പ്രതികാരംകൂടിയായിരുന്നുവോ ഈ വിവാഹം എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

പിന്നീട് ഒക്ടോബറില്‍ ബത്തേരിയിലെ ശ്രീഗണപതി ക്ഷേത്രത്തില്‍‌വച്ച് അജിത്തിന്റെ ബന്ധുമിത്രാദികളുടെ സാന്നിധ്യത്തില്‍ എല്ലാവിധമായ ആര്‍ഭാടത്തോടയും ഹിന്ദു മതാചാര പ്രകാരമുള്ള വിവാഹം. വിവാഹത്തിനു രണ്ടുനാള്‍ മുന്‍പ് കോഴിക്കോട് നന്ദിത താമസിച്ചിരുന്ന ഹോസ്റ്റലില്‍ നിന്നും അജിത്തിന്റെ സുഹ്യത്തുക്കള്‍ സെക്ക്യൂരിറ്റി പ്രൊട്ടക്ഷനോടുകൂടി ചീരാലുള്ള ബന്ധുവിന്റെ വീട്ടിലെത്തിച്ചു. അവിടനിന്നും അജിത്ത് വാങ്ങി നല്കിയ പട്ടു വസ്‌ത്രങ്ങളും ആഭരണങ്ങളും ധരിച്ച് കതിര്‍മണ്ഡപത്തിലേക്ക്. നന്ദിതയുടെ മാതാപിതാക്കളുടേയും ബന്ധുക്കളുടെയും ഭീഷണികള്‍ക്ക് വഴങ്ങാതെയുള്ള ആ വിവാഹത്തില്‍ നന്ദിതയുടെ ബന്ധുക്കള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. നന്ദിതയുടെ മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായേക്കാവുന്ന പ്രതിലോമകരമായ ഇടപെടല്‍ മൂലം വിവാഹം മുടങ്ങാതിരിക്കുന്നതിനു വേണ്ടിയുള്ള കരുതല്‍ നടപടിയായിരുന്നു സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നടന്ന വിവാഹ രജിസ്ട്രേഷന്‍.

ഫറൂക്കില്‍ വച്ച് നടന്ന ആദ്യ രജിസ്റ്റര്‍ മാര്യേജില്‍, സാക്ഷിയായ് ഒപ്പിട്ട സുഹ്യത്തുവഴി അജിത്തിന്റെ വീട്ടില്‍ രഹസ്യ വിവാഹത്തെ കുറിച്ചറിഞ്ഞപ്പോള്‍ തന്റെ മേലുദ്യോഗസ്ഥന്റെ മകള്‍ എന്ന കാരണത്താല്‍ അജിത്തിന്റെ അച്ഛന്റെ ഭാഗത്തുനിന്നും കടുത്ത എതിര്‍പ്പുകള്‍ ഉണ്ടായി. ആരും അറിയാതെ നടന്ന ആ വിവാഹ ബന്ധം വേര്‍പെടുത്തി മേലുദ്യോഗസ്ഥന്റെ മകളെ തിരിച്ചേല്പിക്കുവാന്‍ അദ്ദേഹത്തെകൊണ്ടാകും വിധം ശ്രമിച്ചു. പക്ഷേ അജിത്തും, നന്ദിതയും തങ്ങളുടെ തീരുമാനത്തില്‍ തന്നെ ഉറച്ചു നിന്നു. അവസാനം അജിത്തിന്റെ അച്ഛന്റെ തീരുമാനപ്രകാരമാണ് സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം ബത്തേരി രജിസ്റ്റര്‍ ആഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തതും, പിന്നീട് ഗണപതി ക്ഷേത്രത്തില്‍ വച്ച് ആര്‍ഭാടമായ് വിവാഹം നടത്തിയതും........

നിന്നെ മറക്കുകയെന്നാല്‍ മൃതിയാണ്

മരണശേഷം നന്ദിതയുടെ ഇരുമ്പു പെട്ടിയില്‍ നിന്നും കണ്ടെടുത്ത ഡയറി തിരിച്ചേല്പിക്കുമ്പോള്‍ അതിലെ ചില താളുകള്‍ നഷ്ടപ്പെട്ടിരുന്നു എന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഡയറിയിലെ താളുകള്‍ നഷ്‌ടപ്പെട്ടിരുന്നു എന്നറിയുന്നത് പിന്നീട് മാത്രമാണന്നും, തന്നെ ആദ്യമായ് കാണുന്നതിനും മാസങ്ങള്‍ മുന്‍പ് എഴുതിയിരുന്ന ഡയറിയിലെ താളുകള്‍ നഷ്ടപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്താണ് എന്നും അജിത്ത് ചോദിക്കുന്നു. അജിത്തിന് എതിരായ് ഒരു വാക്ക് ആത്മസുഹ്യത്തായ ശ്രീലതയോടോ, സ്വന്തം വീട്ടുകാരോടുപോലും പറഞ്ഞിട്ടില്ലാത്ത നന്ദിത തന്റെ പഴയ ഡയറിയില്‍ അജിത്ത് കീറിമാറ്റാന്‍ തരത്തിലുള്ള ഒന്നും തന്നെ എഴുതിയിരുന്നില്ല എന്നു വേണം അനുമാനിക്കാന്‍.

1985 മുതല്‍ 1995 വരെയുള്ള കാലഘട്ടത്തിലായ് 59 കവിതകളെഴുതിയ നന്ദിതയുടെ ആദ്യകാല കവിതകള്‍ മുഴുവന്‍ പ്രണയവും പിന്നീട് പ്രണയ നഷ്ടവുമാണ്. 1994-ല്‍ അജിത്തിനെ കണ്ടശേഷം നന്ദിത എഴുതിയതായ ഒരു വരിപോലും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതില്‍ നിന്നും 1993-നു ശേഷം നന്ദിത കവിതകള്‍ എഴുതിയിരുന്നില്ല എന്ന് കരുതേണ്ടിയിരിക്കുന്നു. ഡൊക്യുമെന്റ്സ് എല്ലാം ശരിയായിട്ടും നന്ദിതയുടെ മരണ ശേഷം അജിത്ത് ഗള്‍ഫിലേക്ക് പോകാനോ, മറ്റൊരു ജോലി തേടാനോ തയ്യാറാകാതെ നന്ദിതയുടെ നിശ്വാസങ്ങള്‍ തങ്ങിനില്‍ക്കുന്ന സ്വന്തം വീട്ടില്‍ അവളുടെ നഷ്ടങ്ങള്‍ ശ്വസിച്ചുകൊണ്ട് ഒതുങ്ങുകയായിരുന്നു. നീണ്ട പത്തു വര്‍ഷങ്ങള്‍ക്ക് ശേഷവും, നന്ദിത എഴുതിയ പ്രണയ ലേഖനങ്ങളും അവരുടെ കല്ല്യാണ ആല്‍ബവും ഇന്നും നെഞ്ചോടടുക്കി വച്ചിരിക്കുന്ന അജിത്തിന്റെ ജീവിതം എന്നെ വിസ്മയം കൊള്ളിച്ചു. ഒരു ആര്‍ത്ത നാദമായ് ജ്വലിച്ചമര്‍ന്ന ഷൈന അവശേഷിപ്പിച്ചുപോയ കഥകള്‍ക്കിടയില്‍ കഥയില്ലതെപോയവന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സക്കീര്‍, ഷൈനയുടെ ചരമവാര്‍ഷികത്തിനും മാസങ്ങള്‍ക്ക് മുന്‍പേ വിവാഹിതനായപ്പോള്‍, ഒരു കുഞ്ഞുപോലും ബാധ്യതയായി ഇല്ലാതിരുന്നിട്ടും നീണ്ട പത്തു വര്‍ഷങ്ങള്‍ ഒറ്റക്ക്, സ്വയം ഇല്ലാതായും, ഇല്ലാതാക്കിയും ജീവിച്ച അജിത്ത് നന്ദിതയെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന്, ഇന്നും അവളെ കുറിച്ചോര്‍ക്കുമ്പോള്‍ അയാളുടെ കണ്ണില്‍ പടരുന്ന നനവില്‍ നിന്നും വായിച്ചെടുക്കാം. കാപട്യമോ, നിഗൂഡതകളോ ഇല്ലാത്ത ഒരു പച്ചയായ മനുഷ്യന്‍. നന്ദിതയുടെ മരണത്തിനു ശേഷം ഇഞ്ച് ഇഞ്ചായി സ്വയം കൊന്നു ജീവിക്കയാണ് ഒരോ നിമിഷവും അയാള്‍. ഭാവിയും ഭൂതവും അയാള്‍ക്കില്ല. സ്വയം ഇല്ലാതാകാന്‍ ആഗ്രഹിച്ചിട്ടും, മണിക്കൂറുകളോളം മരണത്തോട് മല്ലടിച്ചിട്ടും മരണം അയാളെ കീഴ്‌പെടുത്താതിരുന്നത് ഒരു പക്ഷേ അയാളുടെ നിഷ്‌കളങ്കത കൊണ്ടുമാത്രമാവും. മരണത്തിനുകാത്ത് ഇലക്ട്രിക് ലൈനില്‍ കടിച്ച് പിടിച്ച് വെള്ളത്തില്‍ കിടന്ന ആ നിമിഷങ്ങളില്‍ തലച്ചോറില്‍ കട്ടപിടിച്ച രക്തം ഏതു സമയവും അജിത്തിന്റെ ജീവനെടുത്തുവന്നു വരാം. അതേ പറ്റി നല്ല വണ്ണം ബോധവാനായ അജിത്തിനോട്, ഏതങ്കിലും നല്ല ഒരു ഡോക്ടറെ കണ്ട് ചികില്‍സിപ്പിക്കണം എന്നു പറഞ്ഞപ്പോള്‍ അതിന്റെ ഒന്നും ആവശ്യമില്ല എന്ന ഒരു നിസംഗതയായിരുന്നു.

നന്ദിതയുടെ കൈപ്പടയും ഏതങ്കിലും ചിത്രവും ഒന്നു കാണാന്‍ കഴിയുമോ എന്ന്, എന്നെ കൂട്ടികൊണ്ടുപോയ, അജിത്തിന് വളരെ അടുപ്പമുള്ള സുഹ്യത്ത് ചോദിച്ചപ്പോള്‍, അവരുടെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി, മേശയുടെ വലിപ്പ് തുറന്ന്, അടുക്കിവച്ച കത്തുകള്‍ക്കിടയില്‍ നിന്നും, പത്ത് ഫുള്‍ പേജ് നീണ്ട ഒരു പ്രണയ ലേഖനവും, കല്ല്യാണ ആല്‍ബവും കാണിച്ചു തന്നു. അതിലെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ അനുവദിച്ചങ്കിലും, ഇന്നോളം ഒരു മീഡിയയ്ക്കും നല്‍കാതെ സ്വകാര്യമായ് സൂക്ഷിക്കുന്ന ആ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഞാനും ആഗ്രഹിക്കുന്നില്ല. നന്ദിത എഴുതിയ പ്രണയ ലേഖനങ്ങളും കത്തുകളും പുസ്തക രൂപത്തില്‍ പബ്ലിഷ് ചെയ്തുകൂടെ എന്ന് ചോദിച്ചപ്പോള്‍ അവയൊക്കെ സ്വകാര്യമായ് എനിക്ക് വേണ്ടി മാത്രം അവള്‍ എഴിതിയവയാണ്, അത് വിറ്റ് കാശാക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന മറുപടിയായിരുന്നു. നന്ദിതയുടെ കവിതകളിലൂടയും, പത്രതാളുകളിലൂടയും ഞാന്‍ തെറ്റി ധരിക്കപ്പെട്ട ഒരു മനുഷ്യനെയായിരുന്നില്ല അന്ന് അവിടെ എനിക്ക് കാണാന്‍ കഴിഞ്ഞത്. വീണ്ടും കാണാം എന്ന് പറഞ്ഞ്, കൈകൊടുത്ത് ഞാന്‍ ആപടികള്‍ ഇറങ്ങുമ്പോള്‍ എന്റെ മനസ്സില്‍ എവിടയോ അയാള്‍ ഒരുമുള്ളുകൊണ്ട് കുത്തി വേദനിപ്പിക്കുന്നുണ്ടായിരുന്നു. കൈവിട്ടുപോയ ജീവിതത്തെ കുറിച്ച് ഒരിക്കലും നഷ്ടബോധം തോന്നിയിട്ടില്ലാത്ത, വര്‍ഷങ്ങള്‍ക്കുമുമ്പേ നഷ്ടപ്പെട്ടുപോയ, ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലന്ന് ഉത്തമ ബോധ്യമുള്ള നന്ദിതയുടെ സ്നേഹത്തെ ഓര്‍ത്ത് സ്വയം ഇല്ലാതായ്കൊണ്ടിരിക്കുന്ന ആ മനുഷ്യന്‍ എന്നില്‍, വിഷാദ ഛായയുള്ള ഒരു അല്‍ഭുതമായ് ഇന്നും നിറഞ്ഞു നില്‍ക്കുന്നു.

നന്ദിത - മരണത്തെ സ്നേഹിച്ച പ്രണയിനി

ഞാന്‍ നിന്നെ സ്നേഹിക്കുന്നുനീ ചിന്തിക്കുന്നു
നിനക്കു കിട്ടാത്ത സ്നേഹത്തെ കുറിച്ച്‌.
നിനക്ക്‌ ഭൂമിയാണ്‌ മാതാവ്‌
നിന്നെ കരള്‍ നൊന്തു വിളിക്കുന്ന
മാതാവിനെ നീ കാണുന്നില്ല.
നീ അകലുകയാണ്‌.
പിതാവിനെത്തേടി,
മാതാവിനെ ഉപേക്ഷിച്ച്‌…..
ഹേ മനുഷ്യാ നീ എങ്ങോട്ടുപോയിട്ടെന്ത്‌?
ക്ഷമിക്കൂ, നിന്നെ ഞാന്‍ സ്നേഹിക്കുന്നു…
നിന്റെ കരുവാളിച്ച മുഖത്തെ,
എല്ലുന്തിയ കവിള്‍ത്തടങ്ങളെ,
നിന്റെ വെളുത്ത ഹൃദയത്തെ
എന്നോട്‌ ക്ഷമിക്കൂ.


1986
മ്യതിഉഷ്ണമാപിനികളിലൂടെ ഒഴുകുന്ന രക്തം
തലച്ചോറില്‍ കട്ട പിടിക്കുന്നതിനു മുന്‍പ്‌
എനിക്ക്‌ ശ്വസിക്കാനൊരു തുളസിക്കതിരും
ഒരു പിടി കന്നിമണ്ണും തരിക.
ദാഹമകറ്റാന്‍ ഒരിറ്റ്‌ ഗംഗാജലം
അടഞ്ഞ കണ്ണുകളില്‍ തേഞ്ഞുതുടങ്ങുന്ന
ചിന്തകളെ പുതപ്പിക്കാന്‍
എനിക്ക്‌ വേണ്ടതൊരു മഞ്ഞപ്പട്ട്‌.
തല വെട്ടിപ്പൊളിക്കാതെ
ഉറഞ്ഞു കൂടിയ രക്തം ഒഴുക്കിക്കളയാന്‍
നെറ്റിയില്‍ മഴമേഘങ്ങളില്‍ പൊതിഞ്ഞൊരു കൈത്തലം
എള്ളും എണ്ണയുമൊഴിച്ചെന്റെ ചിതയെരിയുമ്പോള്‍
അഗ്നി ആളിപ്പടരാന്‍, വീശിയറ്റിക്കുന്ന കാറ്റായ്‌
ജ്വലിക്കുന്നൊരു മനസ്സും.
കാറ്റും അഗ്നിയും ചേര്‍ന്നലിഞ്ഞ്‌
ഓരോ അണുവിലും പടര്‍ന്നു കയറട്ടെ.
ആ ജ്വാലയാണിന്നെന്റെ സ്വപ്നം.


1992
വരിക നീ കണ്ണാദാഹിക്കുന്നു…
നീട്ടിയ കൈക്കുടന്നയില്‍ തീര്‍ത്ഥമായി
ഒരു തുള്ളി കനിവ്‌ നല്‍കുക,
കണ്ണുകളില്‍ പുഞ്ചിരി നിറച്ച്‌
നെറുകയില്‍ ചുണ്ടുകള്‍ ചേര്‍ത്ത്‌
വിഹ്വലതകള്‍ ഒപ്പിയെടുക്കുക.
സ്നേഹത്തിന്റെ കര്‍പ്പൂരം
കണ്ണുകളിലേക്ക്‌ പകര്‍ന്ന് തന്ന്
പെയ്യാത്ത കണ്ണുനീര്‍ ചാലിട്ടൊഴുക്കുക
പെയ്തൊഴിയുന്ന അശാന്തിയാല്‍
ദാഹം ശമിപ്പിക്കാന്‍
വരിക നീ കണ്ണാ ദാഹിക്കുന്നു…


1993
താമരവേദനയുടെ ചാലുകള്‍ കീറി
മനസ്സിലൊഴുക്കിയ നീരത്രയും വലിച്ചെടുത്ത്‌
വിരിഞ്ഞൊരു താമരപ്പൂവ്‌;
തിരിച്ചറിവിന്റെ സന്തതി
മൂര്‍ച്ഛിച്ചു വീണ മാതാവിന്റെ കണ്ണുകളില്‍
മരണം.
പൊട്ടിച്ചിരിക്കുന്ന താമരപ്പൂവിന്‌
ജ്വാല പകരുന്ന സൂര്യന്‍,
ഇനി കത്തിയമരാനുള്ള ഊഴം
നമ്മുടെ മനസ്സുകള്‍ക്ക്‌.


1993 June 26
ചിതകാറ്റ്‌ ആഞ്ഞടിക്കുന്നു…
കെട്ടുപോയ എന്നിലെ കൈത്തിരി നാളം ഉണരുന്നു…
ഞാന്‍ ആളിപ്പടരുന്നു…
മുടികരിഞ്ഞ മണം,
അസ്ഥിയുടെ പൊട്ടലുകള്‍, ചീറ്റലുകള്‍,
ഉരുകുന്ന മാംസം,
ചിരിക്കുന്ന തലയോട്ടി,
ഞാന്‍ ചിരിക്കുന്നു…
സ്വന്തം വന്ധ്യത
മൂടി വെയ്ക്കാന്‍ ശ്രമിക്കുന്ന ഭൂമിയെ നോക്കി
ഞാന്‍ ചിരിക്കുന്നു…
ഭ്രാന്തമായി…


1985
മഴപിന്നെ നീ മഴയാകുക
ഞാന്‍ കാറ്റാകാം .
നീ മാനവും ഞാന്‍ ഭൂമിയുമാകാം.
എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍
നിന്‍റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ.
കാടു പൂക്കുമ്പോള്‍
നമുക്ക് കടല്‍ക്കാറ്റിന്‍റെ ഇരമ്പലിന് കാതോര്‍ക്കാം
മടക്കയാത്രശിരസ്സുയര്‍ത്താനാവാതെ
നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍…?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി
ഇങ്ങനെ നോക്കാതിരിക്കൂ…
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത്‌ നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക്‌ പടരുന്ന അഗ്നിയുമെന്നോട്‌ പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്‌
ഞാനിനി തിരിച്ചു പോകട്ടെ…


1992


നന്ദിത - മരണത്തെ സ്നേഹിച്ച പ്രണയിനി

വയനാടന്‍ ചുരങ്ങളെ മഞ്ഞുപൊതിയുന്ന മകരമാസത്തിലെ തണുത്തരാത്രിയില്‍ അവ്യക്തസുന്ദരമായ ഒരു വളകിലുക്കം അവശേഷിപ്പിച്ചുകൊണ്ട് രണ്ടു മുഴം നീളമുള്ള ചുരിദാര്‍ ദുപ്പട്ടയില്‍ നന്ദിത എന്ന സംഗീത തുന്ദിലിതമായ നാമം പിടഞ്ഞു മരിച്ചപ്പോള്‍, സുഹ്യത്തുക്കളേയോ ബന്ധുജനങ്ങളേയോ എന്നല്ല അവനവനെ തന്നെ ബോധ്യപ്പെടുത്താനാവാത്ത ഒരു സമസ്യയാണ് ആത്മഹത്യ എന്ന് നമുക്ക് കാട്ടിതരികയായിരുന്നു.

ദാമ്പത്യജീവിതത്തിലെ താളപിഴകളാണ് ആ മരണത്തിനു കാരണമന്ന് സുഹ്യത്തുക്കളും ബന്ധുക്കളും വിധിയെഴുതി. എന്നാല്‍ അജ്ഞാതമായ കാരണങ്ങളാല്‍ മരണത്തിന്റെ ഈറന്‍ വയലറ്റ് പൂക്കള്‍ തേടിപോയ സുന്ദരിയായ പെണ്‍കുട്ടിയുടെ തലയിണക്കടിയില്‍ നിന്നും കണ്ടെടുത്ത ഡയറികുറിപ്പുകളായ് എഴുതിയ 59 കവിതകളടങ്ങിയ ഡയറി, ഉത്തരം കിട്ടാത്ത അനേകം ദുരൂഹതകളിലേക്കാണ് കൊണ്ടെത്തിച്ചത്. നന്ദിത രഹസ്യമാക്കി സൂക്ഷിച്ചിരുന്ന നമ്പര്‍ ലോക്കിട്ട് ഭദ്രമക്കപ്പെട്ട ഇരുമ്പുപെട്ടി കുത്തിപൊളിച്ചതും, കണ്ടെടുക്കപ്പെട്ട ഡയറിയിലെ താളുകള്‍ ചീന്തിയെടുക്കപ്പെട്ടതും എന്തിനെന്നത് നന്ദിതയുടെ ഭര്‍ത്താവായ അജിത്തിന് മാത്രം അറിയാവുന്ന രഹസ്യം.

എന്തിനായിരുന്നു നന്ദിത മരണത്തിന്റെ ഈറന്‍ വയലറ്റ് പൂക്കള്‍ തേടിപോയത്? കൗമാരകാലം മുതല്‍ ഒരു ഉന്മാദിയെപോലെ നന്ദിത എന്നും മരണത്തെ സ്നേഹിച്ചിരുന്നു എന്നു വേണം അനുമാനിക്കാന്‍. 1982-ല്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കവിതയെഴുതിതുടങ്ങിയ നന്ദിത, കവിതകള്‍ എഴുതിയിരുന്നു എന്നറിയുന്നത് 1999-ല്‍ അവള്‍ മരിച്ചതിനു ശേഷം മാത്രം. ഡയറിയില്‍ സ്വന്തം കുറിപ്പുകള്‍ക്ക് താഴെ കൈയ്യൊപ്പിടാറുണ്ടായിരുന്ന നന്ദിതയുടെ ചില കവിതകളുടെ താഴെ പവിത്രന്‍, അമ്മു എന്നീ അപരിചിതവും അജ്ഞാതവുമായ പേരുകള്‍ കൊണ്ട് വ്യത്യസ്തമായ കൈപ്പടയില്‍ ഒപ്പിട്ടിരുന്നു. അമ്മു എന്നത് നന്ദിത മകള്‍ക്കിടാന്‍ കാത്തുവച്ചിരുന്ന പേരായിരുന്നുവന്ന് അജിത് പറയുന്നു.

"ഇന്നലെ രാത്രിയിലും
ഏതോ ഒരു പൂവിരിഞ്ഞിരിക്കും
ആ സുഗന്ധത്തില്‍ ആരൊക്കെയോ
മരിച്ചു വീണിരിക്കും" എന്ന കവിതയുടെ അടിയില്‍ പവിത്രന്‍ എന്ന പേരില്‍ ഒപ്പിട്ടിരുന്നു. മറ്റു പല കവിതകളുടേയും അരികില്‍ It is great, Very Nice, Excellent എന്നിങ്ങനെ പവിത്രന്റെ തന്നെ കൈപ്പടയില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിരാകരിക്കപ്പെട്ട നക്ഷത്ര സ്നേഹത്തിന്റെ അജ്ഞാത കരങ്ങളാകാം അതെന്ന് അജിത്തും വിശ്വസിക്കുന്നു.

നന്ദിത എന്നും വീട്ടുകാരില്‍ നിന്നും അകന്നു നിന്നായിരുന്നു സ്കൂള്‍ പഠനവും കലാലയ ജീവിതവും പൂര്‍ത്തിയാക്കിയത്. ഹോസ്റ്റലില്‍നിന്ന നന്ദിത തെന്റെ ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടമായ കലാലയ ജീവിതം നന്നായി ആഘോഷിച്ചു. കോളജിലെ ആദ്യദിവസം, റാഗിംങ് ഗ്രൂപ്പിലുണ്ടായിരുന്ന നന്ദിത, നാട്ടുകാരി എന്ന പരിഗണനയില്‍ തന്നെ റാഗിംങില്‍ നിന്നും ഒഴിവാക്കിയതും, പച്ച ഹാഫ്‌ സ്ലീവ് ചുരിദാറുമിട്ട് ഹോസ്റ്റലിന്റെ മുന്നില്‍ വൈകുന്നേരങ്ങളില്‍ നന്ദിത സുഹ്യത്തുക്കളോട് സൊറപറഞ്ഞിരിക്കുന്നതും ജൂനിയറും നാട്ടുകാരിയുമായ സുമ ഇന്നലെപോലെ ഓര്‍ക്കുന്നു. കലാലയത്തില്‍ ഒരു പൂമ്പാറ്റയെപോലെ പറന്നുനടഞ്ഞ നന്ദിത സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും കലാസാഹിതിയിലും ഊര്‍ജ്ജസ്വലതയുള്ള ഒരു സംഘാടകകൂടിയായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി 1993-ല്‍ നന്ദിത വയനാട്ടിലെ സ്വന്തം വീട്ടില്‍ തിരിച്ചെത്തി.

വ്യക്തിപരമായ, ഇന്നും നന്ദിതയുടെ ആരാധകര്‍ ദുരൂഹമന്നു കരുതുന്ന ഒരു സംഭവത്തെ തുടര്‍ന്ന് നന്ദിത വീട് വിട്ട് ചിരാലിലുള്ള ചെറിയമ്മയുടെ വീട്ടിലേക്ക് താമസം മാറ്റി. അത് നന്ദിതയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ചെറിയമ്മയുടെ വീട്ടില്‍ വച്ചാണ് നന്ദിത അജിത്തെന്ന സുമുഖനായ അയല്‍‌വാസിയെ ആദ്യമായ് കാണുന്നത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും യാതൊരു വിധ സാമ്യതയുമില്ലാതിരുന്നിട്ടും നന്ദിത അജിത്തുമായ് അടുപ്പത്തിലായി. വയനാട്ടിലും കോഴിക്കോടും മറ്റുമായ് അജിത്തിന്റെ ഒപ്പം തന്റെ പ്രണയകാലം ആഘോഷിച്ച നന്ദിത ഫാറൂക്കില്‍ വച്ച് അജിത്തിനെ രജിസ്റ്റര്‍ മാര്യേജ് ചെയ്ത് സ്വന്തം വീട്ടുകാരോട് പകപോക്കി. എന്തിന്റെ പേരിലാണ് നന്ദിത അജിത്തിനെ വിവാഹം കഴിച്ചതന്ന് മനസ്സിലാകുന്നില്ലന്ന് നന്ദിതയുടെ ബന്ധുവായ അജിത് നായറും, അജിത്തും നന്ദിതയും തമ്മില്‍ പ്രണയമുണ്ടായിരുന്നോ എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലന്ന് നന്ദിതയുടെ അമ്മ പ്രഭാവതിയും, നന്ദിതയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയും, ക്യാന്‍സര്‍ ബാധിച്ച് അകാലത്തില്‍ പൊലിഞ്ഞുപോയ മുട്ടില്‍ വയനാട്‌ മുസ്ലിം ഓര്‍ഫനേജ്‌ കോളേജില്‍ മലയാളം അദ്ധ്യാപികയായിരുന്നു ശ്രീലതയും പറയുന്നു.

"നീ നിര്‍വ്വികാരനാണ്, മോഹമില്ലാത്തവന്‍, നിനക്ക് എന്റെ ദു:ഖങ്ങളോട് പ്രതികരിക്കാന്‍ കഴിയില്ല, നമ്മള്‍ തമ്മില്‍ ഒരേ സാമ്യത മാത്രം, നമ്മുടെ മനസ്സില്‍ ശൂന്യത കുടിയേറിയിരിക്കുന്നു" എന്ന് അജിത്തിനെ ആദ്യമായ് കാണുന്നതിനും വളരെ നാളുകള്‍ക്ക് മുന്‍പേ, തന്റെ ഡയറിയില്‍ എഴുതിയ നന്ദിത രണ്ടുതവണ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നു. പക്ഷേ അജിത്തിന് സമ്മതമായിരുന്നില്ല. അജിത്തിന്റെ ഇഷ്ടപ്രകാരമല്ലാതെ വിവാഹമോചനത്തിന് നന്ദിതയും തയ്യാറായിരുന്നില്ല. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും അവര്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നുവങ്കിലും അജിത്തിന് നന്ദിതയെ പ്രാണനായിരുന്നുവന്ന് നന്ദിതയുടെ അമ്മയും കൂട്ടുകാരി ശ്രീലതയും ശരിവയ്ക്കുന്നു.

വിവാഹത്തിനു മുന്‍പും അതിനു ശേഷവും ഒരിക്കലും ഒന്നും ആവശ്യപ്പെട്ടിട്ടില്ലാത്ത നന്ദിത ഒരിക്കല്‍ മാത്രം പച്ചകല്ലു വച്ച ഒരു നഗപടതാലി വേണമന്ന് അജിത്തിനോട് ആവശ്യപ്പെട്ടു. ജോലിയോ മറ്റ് വരുമാനമോ ഒന്നും ഇല്ലാതിരുന്നിട്ടും അജിത് ആ ആഗ്രഹം സാധിച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് ഗള്‍ഫില്‍ പോകാനായ് ബോംബെയിലേക്ക് പോയ അജിത്തിന് ചില സാങ്കേതിക കാരണങ്ങളാല്‍ പോകാന്‍ കഴിയാതെ വരികയും ബോബെയില്‍ തന്നെ കുറെ നാള്‍ തങ്ങേണ്ടി വരികയും ചെയ്തു. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നാടുമുഴുവന്‍ അലഞ്ഞ് അജിത്തിന് ഇഷ്ടമുള്ള സാധനങ്ങളെല്ലാം വാങ്ങികൂട്ടി, കോളജില്‍ നിന്നും ലീവെടുത്ത് നന്ദിത ബോംബയിലെക്ക് പോയി. ഒരുപാട് സന്തോഷവതിയായ് ഏതാനും ദിവസങ്ങള്‍ ബോംബയില്‍ അജിത്തിനൊപ്പം ചിലവഴിച്ച് നന്ദിത നാട്ടിലേക്ക് തിരിച്ചുപോന്നു. മുസ്ലിം ഓര്‍ഫനേജ്‌ കോളേജില്‍ മറ്റൊരാളുടെ ലീവ് വേക്കന്‍സിയിലായിരുന്നു നന്ദിത ജോലി ചെയ്തിരുന്നത്. ഇടക്കൊക്കെ കൊടൈകനാലിലേക്ക് പോയിരുന്ന നന്ദിത ബോംബെയില്‍ നിന്നും തിരിച്ചെത്തിയ ശേഷം ഒരിക്കല്‍ കൂടി കൊടൈകനാലിലേക്ക് പോയി. അവിടനിന്നും തിരിച്ചെത്തുമ്പോള്‍ നന്ദിതക്ക് കോളജില്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍കൂടിയായിരുന്നു ബാക്കി.

സി‌ല്‍‌വിയ പ്ലാത്തിന്റെ മരണ വാസനയുള്ള കവിതകളേയും, ആത്മഹത്യാരീതിയേയും ആരാധിച്ചിരുന്ന നന്ദിത, അവരുടെ കവിതകള്‍ക്കായി തന്റെ സ്വകാര്യ ഗ്രന്ഥശാലയില്‍ പ്രത്യേക ഇടം കണ്ടത്തിയിരുന്നു. മരിക്കുന്ന ദിവസം രാത്രിയില്‍ അത്താഴം കഴിഞ്ഞ് "എനിക്ക് ഒരു എസ്. റ്റി. ഡി കോള്‍ വരാനുണ്ട്, ഞാന്‍ തന്നെ അറ്റന്‍ഡ് ചെയ്തോളാം" എന്ന് അമ്മയോട് പറഞ്ഞ് ഫോണ്‍കോളിനായ് കാത്തിരുന്നു. രാത്രി ക്യത്യം പത്തരക്ക് വന്ന ഫോണ്‍കോള്‍ നന്ദിതതന്നെ അറ്റന്‍ഡ് ചെയ്തു. വളരെ സന്തോഷവതിയായ് സംസാരിച്ചു തുടങ്ങിയ നന്ദിത ഫോണ്‍ കട്ട് ചെയ്യുമ്പോഴേക്കും വല്ലാതെ അസ്വസ്ഥയായിരുന്നു. മുകളിലത്തെ മുറിയില്‍ കൂട്ടിലിട്ട വെരുകിനെപോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന നന്ദിതയെ കണ്ടുകൊണ്ടാണ് അമ്മ പ്രഭാവതി ഉറങ്ങാന്‍ കിടന്നത്. കുറെ കഴിയുമ്പോള്‍ അവള്‍ കയറികിടന്ന് ഉറങ്ങിക്കൊള്ളും എന്നു കരുതിയ അവര്‍ ഉറങ്ങിപോയി. എന്തോ ഒരു ശബ്ദം കേട്ടു ഞെട്ടിയുണര്‍ന്ന് ഓടിചെന്ന് നോക്കുമ്പോള്‍ ചുവരില്‍ ഒരു മുഴുനീളന്‍ നിഴല്‍ ആടുന്നതാണ് കണ്ടത്. അറുത്ത് താഴയിടുമ്പോള്‍ നല്ല ചൂടുണ്ടായിരുന്ന അവളുടെ ശരീരത്തില്‍ ജീവന്‍ നിലച്ചിരുന്നോ എന്നു സംശയം.

"ഞാന്‍ ഉരുകുകയാണ് ഉരുകുകയാണ്
ഉരുകുകയാണ്
നീയല്ലാതെ യാതൊന്നും
എന്നില്‍ ശേഷിക്കുന്നില്ല" എന്ന മാധവികുട്ടിയുടെ വരികള്‍ ഡയറിയിലെ മുഖകുറിപ്പായ് കുറിച്ചിട്ടിരുന്ന നന്ദിതയെ ഇത്രത്തോളം ഉരുക്കിയതെന്തായിരുന്നു? ഡയറിയിലെ ചില താളുകളില്‍ ചില പ്രത്യേക തീയ്യതികളുടെ അടിയില്‍ Missed you terribly എന്ന് എഴുതി വച്ചിട്ടുണ്ട്. ആരെയായിരുന്നു നന്ദിത ഇത്രത്തോളം നഷ്ടപ്പെടുത്തിയത്? "എനിക്ക് നഷ്ടമായത് എന്റെ ലക്ഷ്യമാണ്, എന്റെ ഹ്യദയമാണ്, എന്റെ നഷ്ടത്തെ ഞാന്‍ ശ്വസിക്കുന്നു" എന്നെഴുതിയ നന്ദിതയുടെ ഹ്യദയത്തിനുമേല്‍ കൈയ്യൊപ്പിട്ട ആ കരങ്ങള്‍ നഷ്ടമാകാന്‍ ആരായിരുന്നു കാരണക്കാര്‍? മരിക്കുന്നതിനു തൊട്ടുമുന്‍പ് വന്ന ആ അജ്ഞാത ഫോണ്‍കോള്‍ ആരുടേതായിരുന്നുവന്ന് വ്യക്തമായും അറിയുന്ന അജിത്ത്, അത് വെളിപ്പെടുത്താന്‍ തയ്യാറാകാത്തിടത്തോളം നന്ദിതയുടെ ആരാധകര്‍ക്ക് അത് എന്നും ഒരു ദുരൂഹത മാത്രമായിരിക്കും.

നന്ദിത

"വിടരാന്‍ മടിക്കുന്ന പൂക്കള്‍ക്കറിയില്ല
പെയ്തൊഴിയുന്ന വസന്തകാലം
ഇത്രയേറെ അവയെ കൊതിച്ചുവേന്നത്...."

ഞാന്‍ സ്നേഹിച്ചവര്‍ മറ്റാരെയോ സ്നേഹിച്ചു, എന്നെ സ്നേഹിച്ചവര്‍ സ്നേഹം കിട്ടാതെ മരിച്ചു.... ഒരു നാള്‍ എന്റെ ഹ്യദയത്തിന്റെ ചുവപ്പു നീ തിരിച്ചറിയും അന്നെന്റെ രക്തം കൊണ്ടു മേഘങ്ങള്‍ ചുവക്കും. എന്റെ നിശ്വാസത്തിന്‍റ കാറ്റില്‍ ചുവന്ന മഴയായി അതു പെയ്തു വീഴും. അന്നു ഭൂമിയിലെ മുഴുവന്‍ പൂക്കളും ചുവന്നു പൂക്കും അപ്പോള്‍... ഒരു പക്ഷേ ഞാന്‍ മരിച്ചിരിക്കും...

യാത്രാമൊഴി

തിരക്കൊഴിഞ്ഞ രണഭൂമി
ആളൊഴിഞ്ഞ ശിബിരം
ഉടയുന്ന കുപ്പിവളകള്‍
മായുന്ന സിന്ദൂരം,
മണ്‍കുടം ഉടഞ്ഞു തെറിച്ച സ്നേഹം
വരണ്ട ഭൂമി നക്കിത്തുടയ്ക്കുന്നു.

ചേലത്തുമ്പില്‍ ഉടക്കി നിന്ന
ഒരു പുഞ്ചിരി;
നനഞ്ഞ കണ്ണുകള്‍…
ചേലയുടെ നിറങ്ങളോടൊപ്പം
ഒരു യാത്രാമൊഴി കൂടി
വെളുപ്പില്‍ കുതിരുമ്പോള്‍
സ്നേഹം
ഈശ്വരന്‍ വഞ്ചിച്ച പതിവ്രതയായി
തുളസിയായി പുനര്‍ജ്ജനിയില്ലാതെ
മൂര്‍ച്ഛിക്കുന്നു.

ഞാന്‍ വീണ്ടും ഒറ്റയാവുന്നു.

1993 ഡിസംബര്‍ 23


കുറ്റസമ്മതം


മാവിന്‍ കൊമ്പിലിരുന്ന് കുയിലുകള്‍ പാടുന്നു
നിറഞ്ഞൊഴുകുന്ന സംഗീതം.
വൈകിയറിഞ്ഞു; സ്വരമിടറാതെ
അവള്‍ കരയുകയായിരുന്നു.

തുമ്പികള്‍ മുറ്റത്ത്‌ ചിറകടിച്ചാര്‍ത്തപ്പോള്‍
സ്നേഹിക്കയാണെന്ന് ഞാന്‍ കരുതി
അവ മത്സരിക്കയാണെന്ന്
നിന്റെ മൌനം എന്നോട്‌ പറഞ്ഞു.

കാറ്റ്‌ പൂക്കളോട്‌ പറഞ്ഞു;
വെറുതെ അതുമിതും പറഞ്ഞിരിക്കാം
നാലുമണിപ്പൂക്കളും നന്ത്യാര്‍വട്ടങ്ങളും
സ്നേഹം ചിരിയിലൊതുക്കുന്നു.
ആ പുഞ്ചിരിയില്‍ വേദനയാണെന്നോ?

ശൂന്യത സത്യമാണെന്നോ?
അരുത്‌ എന്നെ വെറുതെ വിടൂ
എന്നെ ഉറങ്ങാനനുവദിക്കൂ.
സ്വപ്നങ്ങളിലെന്റെ അമ്മയുണ്ട്‌…

കണ്ണുകള്‍ കൊണ്ടെന്നെ മുറിപ്പെടുത്താതെ,
നിഷേധത്തിനിനി അര്‍ത്ഥമില്ല; ഞാന്‍
സമ്മതിക്കുന്നു
എനിക്ക്‌ തെറ്റുപറ്റി.

1992
ഏകാന്ത പഥികന്‍
നിന്റെ മൂഢതയോര്‍ത്ത്‌
ലോകം അട്ടഹസിക്കുന്നു;
നിന്നെ ഭ്രാന്തിയെന്നു വിളിക്കുന്നു.
ആ കൂര്‍മ്മ നേത്രങ്ങള്‍ ഒന്നും കാണുന്നില്ല.
നിന്നെയവര്‍ കാണുന്നില്ല.
നീ അകലെയാണ്‌
ആയിരം കാതങ്ങള്‍ക്കുമപ്പുറത്ത്‌.
അവരുടെ കണ്ണുകള്‍ നിന്നെ കാണുമ്പോള്‍
നീ അട്ടഹസിക്കുകയാണ്‌.
നിന്റെ മൂഢതയോര്‍ത്തല്ല;
അവരുടെ മൂഢതയോര്‍ത്ത്‌…

1986 

വീണ്ടും അവള്‍

നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി
നന്ദിത(ജനനം: 1969 മെയ് 21-മരണം: 1999 ജനുവരി 17)
മരണത്തേയും പ്രണയത്തേയും ജീവന് തുല്യം സ്‌നേഹിച്ച എന്ന പ്രയോഗത്തില്‍ ഒരു നന്ദിതയുണ്ട്. നന്ദിതയുടെ കവിതകള്‍ നിറയെ അതുമാത്രമായിരുന്നു. മരണത്തിന്റെ ഈറന്‍വയലറ്റ് പുഷ്പങ്ങള്‍ തേടി നന്ദിത പോയിട്ട് പന്ത്രണ്ട് വര്‍ഷമാവുന്നു.
എഴുതിയവയൊന്നും ആരെയും കാട്ടിയില്ല. ആത്മഹത്യയ്ക്ക് ശേഷം നന്ദിതയുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന് കണ്ടെടുത്ത അവളുടെ കവിതകള്‍ വായിച്ച് ഉരുകിയവര്‍ ഏറെ. കനല് പോലെ കത്തുന്ന കവിതകളായിരുന്നൂ അവ. മരണത്തിന്റേയും പ്രണയത്തിന്റെ ശീതസമുദ്രങ്ങളായ കവിതകള്‍ . നെഞ്ചിന്റെ നെരിപ്പോടണയ്ക്കാനുള്ള മരുന്നായിരുന്നൂ നന്ദിതയ്ക്ക് കവിതകള്‍ . ഓരോ വാക്കിലും അലയടിക്കുന്ന നിലവിളിയുടെ കടലില്‍ നമ്മള്‍ അസ്തമിച്ചേക്കാം.
''നേര്‍ത്ത വിരലുകള്‍ കൊണ്ട്
ആത്മാവിനെ തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും
ഒരു സ്വപ്നം പോലെ ഇനി നിനക്കു കടന്നു വരാം..''
എന്ന് ഒരിടത്ത് നന്ദിത മരണത്തെ വിളിക്കുമ്പോള്‍ നിശബ്ദതയില്‍ അത് തീര്‍ക്കുന്ന മുഴക്കം നമ്മെ പേടിപ്പെടുത്തുന്നു. വയനാട് ജില്ലയിലെ മടക്കി മലയിലാണ് നന്ദിത ജനിച്ചത്. വയനാട് മുട്ടില്‍ WMO College ല്‍ അധ്യാപികയായിരുന്നു. ഇന്നും ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അജ്ഞാതമായിത്തന്നെത്തുടരുന്നു.

നന്ദിത  ഹൃദയം കൊണ്ട് എഴുതിയ കവിതയുടെ കനം ഇവിടെ കാണാം. വേദനയില്‍ മുക്കിയെഴുതിയ കവിതകള്‍ . കവിതകള്‍ മിക്കതിനും തലക്കെട്ടുണ്ടായിരുന്നില്ല

നന്ദിത കോഴിക്കോട്ഫാറൂക്ക് കോളജില്‍ പഠിക്കുന്ന സമയത്ത് സ്വന്തം ജന്മദിനത്തില്‍ തന്റെ സ്വകാര്യ ഡയറിയില്‍ കുറിച്ചിട്ട ചില ഭ്രാന്തന്‍ വരികള്‍

എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു
അന്ന്
ഇളം നീല വരകളൂള്ള വെളുത്ത കടലാസില്‍
നിന്റെ ചിന്തകള്‍ പോറിവരച്ച്
എനിക്ക് നീ ജന്മദിന സമ്മാനം തന്നു
തീയായിരുന്നു നിന്റെ തൂലിക തുമ്പില്‍
എന്നെ ഉരുക്കുവാന്‍ പോന്നവ
അന്ന് തെളിച്ചമുള്ള പകലും
നിലാവുള്ള രാത്രിയുമായിരുന്നു
ഇന്ന് സൂര്യന്‍ കെട്ടുപോവുകയും
നക്ഷത്രങ്ങള്‍ മങ്ങിപോവുകയും ചെയ്യുന്നു
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും
അനിയന്റെ ആശംസകള്‍ക്കും
അമ്മ വിളമ്പിയ പാല്‍!പായസത്തിനുമിടക്ക്
ഞാന്‍ തിരഞ്ഞത്
നിന്റെ തൂലികയ്ക്കുവേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക
ഒടുവില്‍ പഴയ പുസ്തക കെട്ടുകള്‍ക്കിടയ്ക്കുനിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍
അതിന്റെ തുമ്പിലെ അഗ്‌നി കെട്ടുപോയിരുന്നു

1992


തണുത്തുറയാത്ത നെയ്യ്
നിറതിരി പടര്‍ന്നുകത്തുന്ന നിലവിളക്ക്
തുളസിത്തറയില്‍ ഉഷ്ണം പെറ്റുപെരുകുന്നു
എന്റെ തളിര്‍ വാകയ്ക്ക് നീറുന്നു
രക്തസിന്ദൂരം ചാര്‍ത്തി നിറഞ്ഞുപൂക്കാന്‍
ഞാനവളോട് പറഞ്ഞില്ല.
ഡിസംബറിന്റെ ഉഷ്ണം അവളെ അലട്ടുന്നുണ്ടാവാം.
പക്ഷേ…
എനിക്ക് ക്രൂരയായേ പറ്റൂ
കാലത്തിലൂടെ പിറകോട്ട് പോവാന്‍
ഞാനവളോട് എങ്ങിനെ പറയും?…

1993 ഡിസംബര്‍ 4


നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി

നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി
സ്വപ്നം നട്ടു വിടര്‍ന്ന അരളിപ്പൂക്കള്‍ ഇറുത്തെടുത്ത്
അവള്‍ പൂപ്പാത്രമൊരുക്കി.
പൂക്കളടര്‍ന്നുണങ്ങിയ തണ്ടിന്
വിളര്‍ത്ത പൗര്‍ണ്ണമിയുടെ നിറം,
അവളുടെ കണ്ണുകള്‍ക്കും.

വീണ്ടും ഹ്യദയത്തിന്റെ അറകളില്‍
ഉണക്കി സൂക്ഷിച്ച വിത്തുപാകി.
സ്വര്‍ണ്ണ മത്സ്യങ്ങളെ നട്ടുവളര്‍ത്തി
യവള്‍ ചില്ലു കൂട്ടിലൊതുക്കി.
പിഞ്ഞിത്തുടങ്ങിയ ഈറനോര്‍മ്മകളില്‍
അരളിപ്പൂക്കളലിഞ്ഞു.

മനസ്സു നുറുക്കി മത്സ്യങ്ങളെ ഊട്ടി
മഴയും, മഴതോര്‍ന്ന ആകാശത്ത്
മഴവില്ലും സ്വപ്നം കണ്ടവളുറങ്ങി.

വാതില്‍പ്പാളികള്‍ക്കിടയിലൂടെ വേനലെത്തിനോക്കുന്നു
വെളിച്ചത്തെ പുല്‍കാന്‍ വലിച്ചു തുറക്കുന്ന
നരച്ച കണ്ണുള്ള പെണ്‍കുട്ടി






നന്ദിത ഫറൂക്ക് കോളജിൽ പഠിക്കുന്ന സമയത്ത് സ്വന്തം ജന്മദിനത്തിൽ തന്റെ സ്വകാര്യ ഡയറിയിൽ കുറിച്ചിട്ട ചില ഭ്രാന്തൻ വരികൾ


എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു
അന്ന്
ഇളം നീല വരകളൂള്ള വെളുത്ത കടലാസിൽ
നിന്റെ ചിന്തകൾ പോറിവരച്ച്
എനിക്ക് നീ ജന്മദിന സമ്മാനം തന്നു
തീയായിരുന്നു നിന്റെ തൂലിക തുമ്പിൽ
എന്നെ ഉരുക്കുവാൻ പോന്നവ
അന്ന് തെളിച്ചമുള്ള പകലും
നിലാവുള്ള രാത്രിയുമായിരുന്നു
ഇന്ന് സൂര്യൻ കെട്ടുപോവുകയും
നക്ഷത്രങ്ങൾ മങ്ങിപോവുകയും ചെയ്യുന്നു
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകൾക്കും
അനിയന്റെ ആശംസകൾക്കും
അമ്മ വിളമ്പിയ പാൽ‍പായസത്തിനുമിടക്ക്
ഞാൻ തിരഞ്ഞത്
നിന്റെ തൂലികയ്ക്കുവേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക
ഒടുവിൽ പഴയ പുസ്തക കെട്ടുകൾക്കിടയ്ക്കുനിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോൾ
അതിന്റെ തുമ്പിലെ അഗ്നി കെട്ടുപോയിരുന്നു



മതിലുകല്‍ക്കപ്പുറം കണിക്കൊന്ന പൂത്തിരിക്കുന്നു.
തിരുവാതിര വന്നുപോയ്‌
വിഷുവരും താമസിയാതെ:
വിങ്ങലായ്‌, അത്മാവുണര്‍ന്ന്
തുളസി കതിരിട്ടിരിക്കുന്നു.
കരയ്ക്കിറ്റ്‌ തണുപ്പുമായ്
തിരകള്‍ തിരിച്ചെത്തി;
നിശ്ശബ്ദം പാടുന്ന
മിന്നാമിനുങ്ങുകളും എത്തുന്നു
തെചിക്കാടുകള്‍ തളിര്‍ക്കുന്നു
മന്ദാരമുണരുന്നു
നീയിനിയുമെത്താത്തതെന്തേ?
എന്റെ ഗുല്‍മോഹര്‍ പൂക്കാതെ കാത്തിരിക്കുന്നു
നീയിനിയുമെത്താത്തതെന്തേ........

നന്ദിത... നന്ദിതയുടെ കവിതകള്‍...



കാറ്റ് ആഞ്ഞടിക്കുന്നു.
കെട്ടുപോയ എന്നിലെ കൈത്തിരി നാളം ഉണരുന്നു.
ഞാന്‍ ആളിപ്പടരുന്നു.
മുടി കരിഞ്ഞ മണം
അസ്ഥിയുടെ പൊട്ടലുകള്‍, ചീട്ടലുകള്‍,
ഉരുകുന്ന മാംസം
ചിരിക്കുന്ന തലയോട്ടി
ഞാന്‍ ചിരിക്കുന്നു
സ്വന്തം വന്ധ്യത
മൂടി വെക്കാന്‍ ശ്രമിക്കുന്ന ഭൂമിയെ നോക്കി
ഞാന്‍ ചിരിക്കുന്നു............
ഭ്രാന്തമായ.

നന്ദിത..... നന്ദിതയുടെ കവിതകള്‍.



സാലഭാന്ചിക

ഉറക്കമില്ലാത്ത ഒരു രാത്രി എനിക്ക് സമ്മാനിച്ചു
ഒരു രാത്രി കൂടി കടന്നു പോയി
പൂപ്പാത്രത്തിലെ വാടിയ പൂക്കള്‍ മാടിവേയ്‌ക്കുമ്പോഴും
എന്റെ കൈകള്‍ വിറച്ചിരുന്നില്ല.
വിരസതയുടെ ദിനങ്ങള്‍ കടന്നുപോകുമ്പോഴും
വിറക്കാത്ത കാലോടെ ഞാന്‍ നടന്നു
എനിക്ക് സമാധാനിക്കാന്‍
സ്വപനങ്ങളുമായി
മേഘങ്ങള്‍ എങ്ങോ നിന്ന് പറന്നു വന്നു.
അവയുടെ വര്‍ഷത്തില്‍
എന്റെ സ്വപ്‌നങ്ങള്‍ കുതിര്‍ന്നു.
എല്ലാമറിഞ്ഞിട്ടും എന്റെ കണ്ണുകള്‍
നീര്‍ ചോരിഞ്ഞേയില്ല.
ചിന്തകള്‍ ഭ്രാന്ത് പിടിപ്പിക്കും മുമ്പ്
അവശേഷിച്ച
ഏ ചലനവും നിലച്ചെങ്കില്‍...

നന്ദിത.... നന്ദിതയുടെ കവിതകള്‍....