Friday, April 1, 2011

നന്ദിത

"വിടരാന്‍ മടിക്കുന്ന പൂക്കള്‍ക്കറിയില്ല
പെയ്തൊഴിയുന്ന വസന്തകാലം
ഇത്രയേറെ അവയെ കൊതിച്ചുവേന്നത്...."

ഞാന്‍ സ്നേഹിച്ചവര്‍ മറ്റാരെയോ സ്നേഹിച്ചു, എന്നെ സ്നേഹിച്ചവര്‍ സ്നേഹം കിട്ടാതെ മരിച്ചു.... ഒരു നാള്‍ എന്റെ ഹ്യദയത്തിന്റെ ചുവപ്പു നീ തിരിച്ചറിയും അന്നെന്റെ രക്തം കൊണ്ടു മേഘങ്ങള്‍ ചുവക്കും. എന്റെ നിശ്വാസത്തിന്‍റ കാറ്റില്‍ ചുവന്ന മഴയായി അതു പെയ്തു വീഴും. അന്നു ഭൂമിയിലെ മുഴുവന്‍ പൂക്കളും ചുവന്നു പൂക്കും അപ്പോള്‍... ഒരു പക്ഷേ ഞാന്‍ മരിച്ചിരിക്കും...

യാത്രാമൊഴി

തിരക്കൊഴിഞ്ഞ രണഭൂമി
ആളൊഴിഞ്ഞ ശിബിരം
ഉടയുന്ന കുപ്പിവളകള്‍
മായുന്ന സിന്ദൂരം,
മണ്‍കുടം ഉടഞ്ഞു തെറിച്ച സ്നേഹം
വരണ്ട ഭൂമി നക്കിത്തുടയ്ക്കുന്നു.

ചേലത്തുമ്പില്‍ ഉടക്കി നിന്ന
ഒരു പുഞ്ചിരി;
നനഞ്ഞ കണ്ണുകള്‍…
ചേലയുടെ നിറങ്ങളോടൊപ്പം
ഒരു യാത്രാമൊഴി കൂടി
വെളുപ്പില്‍ കുതിരുമ്പോള്‍
സ്നേഹം
ഈശ്വരന്‍ വഞ്ചിച്ച പതിവ്രതയായി
തുളസിയായി പുനര്‍ജ്ജനിയില്ലാതെ
മൂര്‍ച്ഛിക്കുന്നു.

ഞാന്‍ വീണ്ടും ഒറ്റയാവുന്നു.

1993 ഡിസംബര്‍ 23


കുറ്റസമ്മതം


മാവിന്‍ കൊമ്പിലിരുന്ന് കുയിലുകള്‍ പാടുന്നു
നിറഞ്ഞൊഴുകുന്ന സംഗീതം.
വൈകിയറിഞ്ഞു; സ്വരമിടറാതെ
അവള്‍ കരയുകയായിരുന്നു.

തുമ്പികള്‍ മുറ്റത്ത്‌ ചിറകടിച്ചാര്‍ത്തപ്പോള്‍
സ്നേഹിക്കയാണെന്ന് ഞാന്‍ കരുതി
അവ മത്സരിക്കയാണെന്ന്
നിന്റെ മൌനം എന്നോട്‌ പറഞ്ഞു.

കാറ്റ്‌ പൂക്കളോട്‌ പറഞ്ഞു;
വെറുതെ അതുമിതും പറഞ്ഞിരിക്കാം
നാലുമണിപ്പൂക്കളും നന്ത്യാര്‍വട്ടങ്ങളും
സ്നേഹം ചിരിയിലൊതുക്കുന്നു.
ആ പുഞ്ചിരിയില്‍ വേദനയാണെന്നോ?

ശൂന്യത സത്യമാണെന്നോ?
അരുത്‌ എന്നെ വെറുതെ വിടൂ
എന്നെ ഉറങ്ങാനനുവദിക്കൂ.
സ്വപ്നങ്ങളിലെന്റെ അമ്മയുണ്ട്‌…

കണ്ണുകള്‍ കൊണ്ടെന്നെ മുറിപ്പെടുത്താതെ,
നിഷേധത്തിനിനി അര്‍ത്ഥമില്ല; ഞാന്‍
സമ്മതിക്കുന്നു
എനിക്ക്‌ തെറ്റുപറ്റി.

1992
ഏകാന്ത പഥികന്‍
നിന്റെ മൂഢതയോര്‍ത്ത്‌
ലോകം അട്ടഹസിക്കുന്നു;
നിന്നെ ഭ്രാന്തിയെന്നു വിളിക്കുന്നു.
ആ കൂര്‍മ്മ നേത്രങ്ങള്‍ ഒന്നും കാണുന്നില്ല.
നിന്നെയവര്‍ കാണുന്നില്ല.
നീ അകലെയാണ്‌
ആയിരം കാതങ്ങള്‍ക്കുമപ്പുറത്ത്‌.
അവരുടെ കണ്ണുകള്‍ നിന്നെ കാണുമ്പോള്‍
നീ അട്ടഹസിക്കുകയാണ്‌.
നിന്റെ മൂഢതയോര്‍ത്തല്ല;
അവരുടെ മൂഢതയോര്‍ത്ത്‌…

1986 

No comments:

Post a Comment