Friday, April 1, 2011

നന്ദിത - മരണത്തെ സ്നേഹിച്ച പ്രണയിനി

ഞാന്‍ നിന്നെ സ്നേഹിക്കുന്നുനീ ചിന്തിക്കുന്നു
നിനക്കു കിട്ടാത്ത സ്നേഹത്തെ കുറിച്ച്‌.
നിനക്ക്‌ ഭൂമിയാണ്‌ മാതാവ്‌
നിന്നെ കരള്‍ നൊന്തു വിളിക്കുന്ന
മാതാവിനെ നീ കാണുന്നില്ല.
നീ അകലുകയാണ്‌.
പിതാവിനെത്തേടി,
മാതാവിനെ ഉപേക്ഷിച്ച്‌…..
ഹേ മനുഷ്യാ നീ എങ്ങോട്ടുപോയിട്ടെന്ത്‌?
ക്ഷമിക്കൂ, നിന്നെ ഞാന്‍ സ്നേഹിക്കുന്നു…
നിന്റെ കരുവാളിച്ച മുഖത്തെ,
എല്ലുന്തിയ കവിള്‍ത്തടങ്ങളെ,
നിന്റെ വെളുത്ത ഹൃദയത്തെ
എന്നോട്‌ ക്ഷമിക്കൂ.


1986
മ്യതിഉഷ്ണമാപിനികളിലൂടെ ഒഴുകുന്ന രക്തം
തലച്ചോറില്‍ കട്ട പിടിക്കുന്നതിനു മുന്‍പ്‌
എനിക്ക്‌ ശ്വസിക്കാനൊരു തുളസിക്കതിരും
ഒരു പിടി കന്നിമണ്ണും തരിക.
ദാഹമകറ്റാന്‍ ഒരിറ്റ്‌ ഗംഗാജലം
അടഞ്ഞ കണ്ണുകളില്‍ തേഞ്ഞുതുടങ്ങുന്ന
ചിന്തകളെ പുതപ്പിക്കാന്‍
എനിക്ക്‌ വേണ്ടതൊരു മഞ്ഞപ്പട്ട്‌.
തല വെട്ടിപ്പൊളിക്കാതെ
ഉറഞ്ഞു കൂടിയ രക്തം ഒഴുക്കിക്കളയാന്‍
നെറ്റിയില്‍ മഴമേഘങ്ങളില്‍ പൊതിഞ്ഞൊരു കൈത്തലം
എള്ളും എണ്ണയുമൊഴിച്ചെന്റെ ചിതയെരിയുമ്പോള്‍
അഗ്നി ആളിപ്പടരാന്‍, വീശിയറ്റിക്കുന്ന കാറ്റായ്‌
ജ്വലിക്കുന്നൊരു മനസ്സും.
കാറ്റും അഗ്നിയും ചേര്‍ന്നലിഞ്ഞ്‌
ഓരോ അണുവിലും പടര്‍ന്നു കയറട്ടെ.
ആ ജ്വാലയാണിന്നെന്റെ സ്വപ്നം.


1992
വരിക നീ കണ്ണാദാഹിക്കുന്നു…
നീട്ടിയ കൈക്കുടന്നയില്‍ തീര്‍ത്ഥമായി
ഒരു തുള്ളി കനിവ്‌ നല്‍കുക,
കണ്ണുകളില്‍ പുഞ്ചിരി നിറച്ച്‌
നെറുകയില്‍ ചുണ്ടുകള്‍ ചേര്‍ത്ത്‌
വിഹ്വലതകള്‍ ഒപ്പിയെടുക്കുക.
സ്നേഹത്തിന്റെ കര്‍പ്പൂരം
കണ്ണുകളിലേക്ക്‌ പകര്‍ന്ന് തന്ന്
പെയ്യാത്ത കണ്ണുനീര്‍ ചാലിട്ടൊഴുക്കുക
പെയ്തൊഴിയുന്ന അശാന്തിയാല്‍
ദാഹം ശമിപ്പിക്കാന്‍
വരിക നീ കണ്ണാ ദാഹിക്കുന്നു…


1993
താമരവേദനയുടെ ചാലുകള്‍ കീറി
മനസ്സിലൊഴുക്കിയ നീരത്രയും വലിച്ചെടുത്ത്‌
വിരിഞ്ഞൊരു താമരപ്പൂവ്‌;
തിരിച്ചറിവിന്റെ സന്തതി
മൂര്‍ച്ഛിച്ചു വീണ മാതാവിന്റെ കണ്ണുകളില്‍
മരണം.
പൊട്ടിച്ചിരിക്കുന്ന താമരപ്പൂവിന്‌
ജ്വാല പകരുന്ന സൂര്യന്‍,
ഇനി കത്തിയമരാനുള്ള ഊഴം
നമ്മുടെ മനസ്സുകള്‍ക്ക്‌.


1993 June 26
ചിതകാറ്റ്‌ ആഞ്ഞടിക്കുന്നു…
കെട്ടുപോയ എന്നിലെ കൈത്തിരി നാളം ഉണരുന്നു…
ഞാന്‍ ആളിപ്പടരുന്നു…
മുടികരിഞ്ഞ മണം,
അസ്ഥിയുടെ പൊട്ടലുകള്‍, ചീറ്റലുകള്‍,
ഉരുകുന്ന മാംസം,
ചിരിക്കുന്ന തലയോട്ടി,
ഞാന്‍ ചിരിക്കുന്നു…
സ്വന്തം വന്ധ്യത
മൂടി വെയ്ക്കാന്‍ ശ്രമിക്കുന്ന ഭൂമിയെ നോക്കി
ഞാന്‍ ചിരിക്കുന്നു…
ഭ്രാന്തമായി…


1985
മഴപിന്നെ നീ മഴയാകുക
ഞാന്‍ കാറ്റാകാം .
നീ മാനവും ഞാന്‍ ഭൂമിയുമാകാം.
എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍
നിന്‍റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ.
കാടു പൂക്കുമ്പോള്‍
നമുക്ക് കടല്‍ക്കാറ്റിന്‍റെ ഇരമ്പലിന് കാതോര്‍ക്കാം
മടക്കയാത്രശിരസ്സുയര്‍ത്താനാവാതെ
നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍…?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി
ഇങ്ങനെ നോക്കാതിരിക്കൂ…
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത്‌ നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക്‌ പടരുന്ന അഗ്നിയുമെന്നോട്‌ പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്‌
ഞാനിനി തിരിച്ചു പോകട്ടെ…


1992


നന്ദിത - മരണത്തെ സ്നേഹിച്ച പ്രണയിനി

വയനാടന്‍ ചുരങ്ങളെ മഞ്ഞുപൊതിയുന്ന മകരമാസത്തിലെ തണുത്തരാത്രിയില്‍ അവ്യക്തസുന്ദരമായ ഒരു വളകിലുക്കം അവശേഷിപ്പിച്ചുകൊണ്ട് രണ്ടു മുഴം നീളമുള്ള ചുരിദാര്‍ ദുപ്പട്ടയില്‍ നന്ദിത എന്ന സംഗീത തുന്ദിലിതമായ നാമം പിടഞ്ഞു മരിച്ചപ്പോള്‍, സുഹ്യത്തുക്കളേയോ ബന്ധുജനങ്ങളേയോ എന്നല്ല അവനവനെ തന്നെ ബോധ്യപ്പെടുത്താനാവാത്ത ഒരു സമസ്യയാണ് ആത്മഹത്യ എന്ന് നമുക്ക് കാട്ടിതരികയായിരുന്നു.

ദാമ്പത്യജീവിതത്തിലെ താളപിഴകളാണ് ആ മരണത്തിനു കാരണമന്ന് സുഹ്യത്തുക്കളും ബന്ധുക്കളും വിധിയെഴുതി. എന്നാല്‍ അജ്ഞാതമായ കാരണങ്ങളാല്‍ മരണത്തിന്റെ ഈറന്‍ വയലറ്റ് പൂക്കള്‍ തേടിപോയ സുന്ദരിയായ പെണ്‍കുട്ടിയുടെ തലയിണക്കടിയില്‍ നിന്നും കണ്ടെടുത്ത ഡയറികുറിപ്പുകളായ് എഴുതിയ 59 കവിതകളടങ്ങിയ ഡയറി, ഉത്തരം കിട്ടാത്ത അനേകം ദുരൂഹതകളിലേക്കാണ് കൊണ്ടെത്തിച്ചത്. നന്ദിത രഹസ്യമാക്കി സൂക്ഷിച്ചിരുന്ന നമ്പര്‍ ലോക്കിട്ട് ഭദ്രമക്കപ്പെട്ട ഇരുമ്പുപെട്ടി കുത്തിപൊളിച്ചതും, കണ്ടെടുക്കപ്പെട്ട ഡയറിയിലെ താളുകള്‍ ചീന്തിയെടുക്കപ്പെട്ടതും എന്തിനെന്നത് നന്ദിതയുടെ ഭര്‍ത്താവായ അജിത്തിന് മാത്രം അറിയാവുന്ന രഹസ്യം.

എന്തിനായിരുന്നു നന്ദിത മരണത്തിന്റെ ഈറന്‍ വയലറ്റ് പൂക്കള്‍ തേടിപോയത്? കൗമാരകാലം മുതല്‍ ഒരു ഉന്മാദിയെപോലെ നന്ദിത എന്നും മരണത്തെ സ്നേഹിച്ചിരുന്നു എന്നു വേണം അനുമാനിക്കാന്‍. 1982-ല്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കവിതയെഴുതിതുടങ്ങിയ നന്ദിത, കവിതകള്‍ എഴുതിയിരുന്നു എന്നറിയുന്നത് 1999-ല്‍ അവള്‍ മരിച്ചതിനു ശേഷം മാത്രം. ഡയറിയില്‍ സ്വന്തം കുറിപ്പുകള്‍ക്ക് താഴെ കൈയ്യൊപ്പിടാറുണ്ടായിരുന്ന നന്ദിതയുടെ ചില കവിതകളുടെ താഴെ പവിത്രന്‍, അമ്മു എന്നീ അപരിചിതവും അജ്ഞാതവുമായ പേരുകള്‍ കൊണ്ട് വ്യത്യസ്തമായ കൈപ്പടയില്‍ ഒപ്പിട്ടിരുന്നു. അമ്മു എന്നത് നന്ദിത മകള്‍ക്കിടാന്‍ കാത്തുവച്ചിരുന്ന പേരായിരുന്നുവന്ന് അജിത് പറയുന്നു.

"ഇന്നലെ രാത്രിയിലും
ഏതോ ഒരു പൂവിരിഞ്ഞിരിക്കും
ആ സുഗന്ധത്തില്‍ ആരൊക്കെയോ
മരിച്ചു വീണിരിക്കും" എന്ന കവിതയുടെ അടിയില്‍ പവിത്രന്‍ എന്ന പേരില്‍ ഒപ്പിട്ടിരുന്നു. മറ്റു പല കവിതകളുടേയും അരികില്‍ It is great, Very Nice, Excellent എന്നിങ്ങനെ പവിത്രന്റെ തന്നെ കൈപ്പടയില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിരാകരിക്കപ്പെട്ട നക്ഷത്ര സ്നേഹത്തിന്റെ അജ്ഞാത കരങ്ങളാകാം അതെന്ന് അജിത്തും വിശ്വസിക്കുന്നു.

നന്ദിത എന്നും വീട്ടുകാരില്‍ നിന്നും അകന്നു നിന്നായിരുന്നു സ്കൂള്‍ പഠനവും കലാലയ ജീവിതവും പൂര്‍ത്തിയാക്കിയത്. ഹോസ്റ്റലില്‍നിന്ന നന്ദിത തെന്റെ ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടമായ കലാലയ ജീവിതം നന്നായി ആഘോഷിച്ചു. കോളജിലെ ആദ്യദിവസം, റാഗിംങ് ഗ്രൂപ്പിലുണ്ടായിരുന്ന നന്ദിത, നാട്ടുകാരി എന്ന പരിഗണനയില്‍ തന്നെ റാഗിംങില്‍ നിന്നും ഒഴിവാക്കിയതും, പച്ച ഹാഫ്‌ സ്ലീവ് ചുരിദാറുമിട്ട് ഹോസ്റ്റലിന്റെ മുന്നില്‍ വൈകുന്നേരങ്ങളില്‍ നന്ദിത സുഹ്യത്തുക്കളോട് സൊറപറഞ്ഞിരിക്കുന്നതും ജൂനിയറും നാട്ടുകാരിയുമായ സുമ ഇന്നലെപോലെ ഓര്‍ക്കുന്നു. കലാലയത്തില്‍ ഒരു പൂമ്പാറ്റയെപോലെ പറന്നുനടഞ്ഞ നന്ദിത സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും കലാസാഹിതിയിലും ഊര്‍ജ്ജസ്വലതയുള്ള ഒരു സംഘാടകകൂടിയായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി 1993-ല്‍ നന്ദിത വയനാട്ടിലെ സ്വന്തം വീട്ടില്‍ തിരിച്ചെത്തി.

വ്യക്തിപരമായ, ഇന്നും നന്ദിതയുടെ ആരാധകര്‍ ദുരൂഹമന്നു കരുതുന്ന ഒരു സംഭവത്തെ തുടര്‍ന്ന് നന്ദിത വീട് വിട്ട് ചിരാലിലുള്ള ചെറിയമ്മയുടെ വീട്ടിലേക്ക് താമസം മാറ്റി. അത് നന്ദിതയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ചെറിയമ്മയുടെ വീട്ടില്‍ വച്ചാണ് നന്ദിത അജിത്തെന്ന സുമുഖനായ അയല്‍‌വാസിയെ ആദ്യമായ് കാണുന്നത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും യാതൊരു വിധ സാമ്യതയുമില്ലാതിരുന്നിട്ടും നന്ദിത അജിത്തുമായ് അടുപ്പത്തിലായി. വയനാട്ടിലും കോഴിക്കോടും മറ്റുമായ് അജിത്തിന്റെ ഒപ്പം തന്റെ പ്രണയകാലം ആഘോഷിച്ച നന്ദിത ഫാറൂക്കില്‍ വച്ച് അജിത്തിനെ രജിസ്റ്റര്‍ മാര്യേജ് ചെയ്ത് സ്വന്തം വീട്ടുകാരോട് പകപോക്കി. എന്തിന്റെ പേരിലാണ് നന്ദിത അജിത്തിനെ വിവാഹം കഴിച്ചതന്ന് മനസ്സിലാകുന്നില്ലന്ന് നന്ദിതയുടെ ബന്ധുവായ അജിത് നായറും, അജിത്തും നന്ദിതയും തമ്മില്‍ പ്രണയമുണ്ടായിരുന്നോ എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലന്ന് നന്ദിതയുടെ അമ്മ പ്രഭാവതിയും, നന്ദിതയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയും, ക്യാന്‍സര്‍ ബാധിച്ച് അകാലത്തില്‍ പൊലിഞ്ഞുപോയ മുട്ടില്‍ വയനാട്‌ മുസ്ലിം ഓര്‍ഫനേജ്‌ കോളേജില്‍ മലയാളം അദ്ധ്യാപികയായിരുന്നു ശ്രീലതയും പറയുന്നു.

"നീ നിര്‍വ്വികാരനാണ്, മോഹമില്ലാത്തവന്‍, നിനക്ക് എന്റെ ദു:ഖങ്ങളോട് പ്രതികരിക്കാന്‍ കഴിയില്ല, നമ്മള്‍ തമ്മില്‍ ഒരേ സാമ്യത മാത്രം, നമ്മുടെ മനസ്സില്‍ ശൂന്യത കുടിയേറിയിരിക്കുന്നു" എന്ന് അജിത്തിനെ ആദ്യമായ് കാണുന്നതിനും വളരെ നാളുകള്‍ക്ക് മുന്‍പേ, തന്റെ ഡയറിയില്‍ എഴുതിയ നന്ദിത രണ്ടുതവണ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നു. പക്ഷേ അജിത്തിന് സമ്മതമായിരുന്നില്ല. അജിത്തിന്റെ ഇഷ്ടപ്രകാരമല്ലാതെ വിവാഹമോചനത്തിന് നന്ദിതയും തയ്യാറായിരുന്നില്ല. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും അവര്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നുവങ്കിലും അജിത്തിന് നന്ദിതയെ പ്രാണനായിരുന്നുവന്ന് നന്ദിതയുടെ അമ്മയും കൂട്ടുകാരി ശ്രീലതയും ശരിവയ്ക്കുന്നു.

വിവാഹത്തിനു മുന്‍പും അതിനു ശേഷവും ഒരിക്കലും ഒന്നും ആവശ്യപ്പെട്ടിട്ടില്ലാത്ത നന്ദിത ഒരിക്കല്‍ മാത്രം പച്ചകല്ലു വച്ച ഒരു നഗപടതാലി വേണമന്ന് അജിത്തിനോട് ആവശ്യപ്പെട്ടു. ജോലിയോ മറ്റ് വരുമാനമോ ഒന്നും ഇല്ലാതിരുന്നിട്ടും അജിത് ആ ആഗ്രഹം സാധിച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് ഗള്‍ഫില്‍ പോകാനായ് ബോംബെയിലേക്ക് പോയ അജിത്തിന് ചില സാങ്കേതിക കാരണങ്ങളാല്‍ പോകാന്‍ കഴിയാതെ വരികയും ബോബെയില്‍ തന്നെ കുറെ നാള്‍ തങ്ങേണ്ടി വരികയും ചെയ്തു. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നാടുമുഴുവന്‍ അലഞ്ഞ് അജിത്തിന് ഇഷ്ടമുള്ള സാധനങ്ങളെല്ലാം വാങ്ങികൂട്ടി, കോളജില്‍ നിന്നും ലീവെടുത്ത് നന്ദിത ബോംബയിലെക്ക് പോയി. ഒരുപാട് സന്തോഷവതിയായ് ഏതാനും ദിവസങ്ങള്‍ ബോംബയില്‍ അജിത്തിനൊപ്പം ചിലവഴിച്ച് നന്ദിത നാട്ടിലേക്ക് തിരിച്ചുപോന്നു. മുസ്ലിം ഓര്‍ഫനേജ്‌ കോളേജില്‍ മറ്റൊരാളുടെ ലീവ് വേക്കന്‍സിയിലായിരുന്നു നന്ദിത ജോലി ചെയ്തിരുന്നത്. ഇടക്കൊക്കെ കൊടൈകനാലിലേക്ക് പോയിരുന്ന നന്ദിത ബോംബെയില്‍ നിന്നും തിരിച്ചെത്തിയ ശേഷം ഒരിക്കല്‍ കൂടി കൊടൈകനാലിലേക്ക് പോയി. അവിടനിന്നും തിരിച്ചെത്തുമ്പോള്‍ നന്ദിതക്ക് കോളജില്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍കൂടിയായിരുന്നു ബാക്കി.

സി‌ല്‍‌വിയ പ്ലാത്തിന്റെ മരണ വാസനയുള്ള കവിതകളേയും, ആത്മഹത്യാരീതിയേയും ആരാധിച്ചിരുന്ന നന്ദിത, അവരുടെ കവിതകള്‍ക്കായി തന്റെ സ്വകാര്യ ഗ്രന്ഥശാലയില്‍ പ്രത്യേക ഇടം കണ്ടത്തിയിരുന്നു. മരിക്കുന്ന ദിവസം രാത്രിയില്‍ അത്താഴം കഴിഞ്ഞ് "എനിക്ക് ഒരു എസ്. റ്റി. ഡി കോള്‍ വരാനുണ്ട്, ഞാന്‍ തന്നെ അറ്റന്‍ഡ് ചെയ്തോളാം" എന്ന് അമ്മയോട് പറഞ്ഞ് ഫോണ്‍കോളിനായ് കാത്തിരുന്നു. രാത്രി ക്യത്യം പത്തരക്ക് വന്ന ഫോണ്‍കോള്‍ നന്ദിതതന്നെ അറ്റന്‍ഡ് ചെയ്തു. വളരെ സന്തോഷവതിയായ് സംസാരിച്ചു തുടങ്ങിയ നന്ദിത ഫോണ്‍ കട്ട് ചെയ്യുമ്പോഴേക്കും വല്ലാതെ അസ്വസ്ഥയായിരുന്നു. മുകളിലത്തെ മുറിയില്‍ കൂട്ടിലിട്ട വെരുകിനെപോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന നന്ദിതയെ കണ്ടുകൊണ്ടാണ് അമ്മ പ്രഭാവതി ഉറങ്ങാന്‍ കിടന്നത്. കുറെ കഴിയുമ്പോള്‍ അവള്‍ കയറികിടന്ന് ഉറങ്ങിക്കൊള്ളും എന്നു കരുതിയ അവര്‍ ഉറങ്ങിപോയി. എന്തോ ഒരു ശബ്ദം കേട്ടു ഞെട്ടിയുണര്‍ന്ന് ഓടിചെന്ന് നോക്കുമ്പോള്‍ ചുവരില്‍ ഒരു മുഴുനീളന്‍ നിഴല്‍ ആടുന്നതാണ് കണ്ടത്. അറുത്ത് താഴയിടുമ്പോള്‍ നല്ല ചൂടുണ്ടായിരുന്ന അവളുടെ ശരീരത്തില്‍ ജീവന്‍ നിലച്ചിരുന്നോ എന്നു സംശയം.

"ഞാന്‍ ഉരുകുകയാണ് ഉരുകുകയാണ്
ഉരുകുകയാണ്
നീയല്ലാതെ യാതൊന്നും
എന്നില്‍ ശേഷിക്കുന്നില്ല" എന്ന മാധവികുട്ടിയുടെ വരികള്‍ ഡയറിയിലെ മുഖകുറിപ്പായ് കുറിച്ചിട്ടിരുന്ന നന്ദിതയെ ഇത്രത്തോളം ഉരുക്കിയതെന്തായിരുന്നു? ഡയറിയിലെ ചില താളുകളില്‍ ചില പ്രത്യേക തീയ്യതികളുടെ അടിയില്‍ Missed you terribly എന്ന് എഴുതി വച്ചിട്ടുണ്ട്. ആരെയായിരുന്നു നന്ദിത ഇത്രത്തോളം നഷ്ടപ്പെടുത്തിയത്? "എനിക്ക് നഷ്ടമായത് എന്റെ ലക്ഷ്യമാണ്, എന്റെ ഹ്യദയമാണ്, എന്റെ നഷ്ടത്തെ ഞാന്‍ ശ്വസിക്കുന്നു" എന്നെഴുതിയ നന്ദിതയുടെ ഹ്യദയത്തിനുമേല്‍ കൈയ്യൊപ്പിട്ട ആ കരങ്ങള്‍ നഷ്ടമാകാന്‍ ആരായിരുന്നു കാരണക്കാര്‍? മരിക്കുന്നതിനു തൊട്ടുമുന്‍പ് വന്ന ആ അജ്ഞാത ഫോണ്‍കോള്‍ ആരുടേതായിരുന്നുവന്ന് വ്യക്തമായും അറിയുന്ന അജിത്ത്, അത് വെളിപ്പെടുത്താന്‍ തയ്യാറാകാത്തിടത്തോളം നന്ദിതയുടെ ആരാധകര്‍ക്ക് അത് എന്നും ഒരു ദുരൂഹത മാത്രമായിരിക്കും.

No comments:

Post a Comment