Thursday, January 27, 2011

പ്രിയസഖി, നമ്മളിന്നെത്രയോ ദൂരെയാണ്

പ്രിയസഖി, നമ്മളിന്നെത്രയോ ദൂരെയാണ്
പ്രിയസഖി, നമ്മളിന്നെത്രയോ ദൂരെയാണ്
ഒരു ചുംബനത്തില്‍ മയങ്ങുമ്പോഴും
ഒരു മെത്തയില്‍ തൊട്ടുറങ്ങുമ്പോഴും
സഖീ, നമ്മളിന്നെത്രയോ ദൂരെയാണ്
ചെറുവാക്ക് ചൊല്ലി രസിക്കുമ്പോഴും
ഒരുകുടക്കീഴില്‍ ചരിക്കുമ്പോഴും
ഒരു തൊട്ടില്‍ തന്നുടെ പാര്‍ശ്വങ്ങളില്‍ നിന്ന്
താരാട്ട് പാട്ട് പാടുമ്പൊഴും
പ്രിയ സഖി നമ്മളിന്നെത്രയോ ദൂരെയാണ്
ഞാനെന്നെ സ്നേഹിച്ച് തീര്‍ന്നതില്ല
ഇന്നും നീ നിന്നെ സ്നേഹിച്ച് തീര്‍ന്നതില്ല
പ്രിയസഖീ നമ്മളിന്നെത്രയോ ദൂരെയാണ്
അകലെയാണകലെയാണ് ഒരുപാട് ദൂരെയാണ്
ഒരുനാളുമെത്താത്തനന്തതയില്‍
അലയടിച്ചാര്‍ക്കുന്ന കടലുകള്‍ നീന്തിയും
കരിനീലക്കാടുകള്‍ കേറിയിറങ്ങിയും
അലയുമെന്‍ ചിത്തത്തിനൊപ്പമൊരുന്നാളും
ഒരുനാളുമെത്തില്ലറിഞ്ഞുഞാനും
പ്രിയസഖീ നമ്മളിന്നെത്രയോ ദൂരെയാണ്
ഇന്നില്‍ ചലിയ്ക്കുന്ന തീവണ്ടിയാം നിനക്കില്ല
പാളങ്ങള്‍ അനന്തതയില്‍
അവിടേയ്ക്ക്  പായുവാന്‍ ചിറകില്ല നിന്‍ ചിന്ത
അലയുന്ന നിന്‍ നൊമ്പരത്തില്‍
എവിടേയ്ക്കുമെത്താത്ത ജീവിത പാഥയില്‍
കവലകള്‍ തോറും പകച്ചു നില്‍ക്കെ
പിന്നിട്ടുപോന്നതാം വീഥിയില്‍ നിന്നോര്‍മ്മ
പിന്നെയും പിന്നെയും പിന്‍ വിളിയ്ക്കേ
ഒറ്റയ്ക്ക് ദുഷ്ക്കരം തെറ്റെയ്ക്ക സാധ്യമീ
ഒറ്റയടിപ്പാതെ നീണ്ടുപോകും
മൃത്യുവിന്‍ കാലൊച്ചയെത്തും വരേയ്ക്കു നാം
ഒത്തുനടയ്ക്കേണ്ട വീഥിയിങ്കല്‍
ബന്ധം പറഞ്ഞും കടപ്പാടു ചൊല്ലിയും
ബന്ധിച്ചിടുന്നെന്റെ കര്‍മ്മശക്തി
പ്രിയസഖീ നമ്മളിന്നെത്രയോ ദൂരെയാണ്
ഒരു സത്യമുണ്ട് സനാതനമാകുമീ
യഖിലാണ്ട വീഥിയില്‍ തെന്നിനീങ്ങി
അവസാനമെത്തിടും ഞാനെന്റെ കാലുകള്‍
ഇടറുന്ന നേരത്ത് നിന്റെ ചാരെ
പ്രിയസഖീ നമ്മളിന്നെത്രയോ ദൂരെയാണ്
ഒരു ചുംബനത്തില്‍ മയങ്ങുമ്പോഴും
ഒരു മെത്തയില്‍ തൊട്ടുറങ്ങുമ്പോഴും
സഖീ, നമ്മളിന്നെത്രയോ ദൂരെയാണ്
സഖീ, നമ്മളിന്നെത്രയോ ദൂരെയാണ്
.....

2 comments: